മോസ്‌കോ: ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവന്‍ സ്വന്തം രാജ്യത്തേക്ക് മാറ്റാമെന്ന റഷ്യയുടെ നയതന്ത്ര നിര്‍ദ്ദേശം അമേരിക്ക തള്ളിയതായി റിപ്പോര്‍ട്ട്. ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. പശ്ചിമേഷ്യയിലെ നിലവിലെ സൈനിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ആണവ തര്‍ക്കത്തിന് സാങ്കേതികമായ പരിഹാരം കാണാനുമാണ് റഷ്യ ഈ നീക്കം നടത്തിയത്.
ഇറാന്‍ കൈവശം വെച്ചിരിക്കുന്ന യുറേനിയം റഷ്യയിലേക്ക് മാറ്റി അവിടെ വെച്ച് സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ള ഇന്ധനമാക്കി മാറ്റാമെന്നായിരുന്നു പുടിന്‍ ഭരണകൂടത്തിന്റെ വാഗ്ദാനം. മുന്‍പും റഷ്യ ഇതേ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇപ്പോഴത്തെ നിര്‍ണായക സാഹചര്യത്തില്‍ അമേരിക്ക ഇത് തള്ളിയത് നിരാശാജനകമാണെന്ന് പെസ്‌കോവ് പറഞ്ഞു. ഇറാന്‍ ഈ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കണമെന്ന കര്‍ക്കശമായ നിലപാടിലാണ് ട്രംപ് ഭരണകൂടം.

അതേസമയം, അമേരിക്കയുടെ നാവിക ഉപരോധത്തിനെതിരെ ഇറാന്‍ ഭീഷണി കടുപ്പിച്ചു. ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്റെ മിസൈലുകള്‍ക്ക് മുന്നില്‍ നിസ്സാരമാണെന്നും അവ തകര്‍ക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ സൈനിക ഉപദേഷ്ടാവ് മുഹ്‌സിന്‍ റിസാഈ മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുമ്പോഴും മേഖലയില്‍ സൈനിക നീക്കങ്ങള്‍ ശക്തമാകുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
