ഓട്ടവ : തെക്കൻ ഒൻ്റാരിയോയിൽ വീശിയടിച്ച ശൈത്യകാല കൊടുങ്കാറ്റ് ജനുവരിയിലെ വീടുകളുടെ വിൽപ്പനയെ ബാധിച്ചതായി കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (CREA) പറയുന്നു. കഴിഞ്ഞമാസത്തെ വീടുകളുടെ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 16.2% കുറഞ്ഞതായി അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. കൂടാതെ 2025 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ ജനുവരിയിലെ വിൽപ്പനയിൽ 5.8% ഇടിവും ഉണ്ടായി. ഗ്രേറ്റർ ഗോൾഡൻ ഹോഴ്‌സ്‌ഷൂ, തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോ മേഖലകളാണ് പ്രധാനമായും ഈ ഇടിവിന് കാരണമായതെന്ന് CREAയിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ ഷോൺ കാത്ത്കാർട്ട് പറയുന്നു.

പുതുതായി വിപണിയിലെത്തിയ വീടുകളുടെ എണ്ണം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 7.3% ഉയർന്നു. കൂടാതെ ഒരു വർഷം മുമ്പത്തേതിനേക്കാൾ 4.5% വർധനയിൽ ജനുവരി അവസാനത്തോടെ എല്ലാ കനേഡിയൻ നഗരങ്ങളിലും വിൽപ്പനയ്ക്കായി ലിസ്റ്റുചെയ്ത വീടുകളുടെ എണ്ണം 140,680 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനുവരിയിലെ വീടുകളുടെ ശരാശരി വില 2.6% ഇടിവിൽ 652,941 ഡോളറായി.
