ഓട്ടവ : കാനഡയിൽ ദാരിദ്ര്യം പിടിമുറുക്കുന്നതായി പുതിയ റിപ്പോർട്ട്. രാജ്യത്ത് കുട്ടികളുടെ ദാരിദ്ര്യ നിരക്ക് തുടർച്ചയായി മൂന്നാം വർഷവും വർധിച്ചതായി പുതിയ ചൈൽഡ് ആൻഡ് ഫാമിലി പോവർട്ടി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2025 ൽ, കാനഡയിൽ 30,000 കുട്ടികൾ കൂടി ദാരിദ്ര്യരേഖയ്ക്ക് താഴെയായി. ആൽബർട്ടയിലെ ആറിൽ ഒരു കുട്ടി ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലെ അവസ്ഥയിൽ കാനഡയിലെ കുട്ടികളുടെ ദാരിദ്ര്യം അവസാനിപ്പിക്കാൻ ഏകദേശം 400 വർഷമെടുക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ദാരിദ്ര്യം കുറയ്ക്കുന്നതിനായി ശിശു സംരക്ഷണം, ഭവനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പൊതു സേവനങ്ങൾക്കുള്ള ഫണ്ട് ഫെഡറൽ സർക്കാർ വർധിപ്പിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

കുട്ടികളുടെ ദാരിദ്ര്യ നിരക്ക് ഒരു പരിധിവരെ നികത്താൻ 2016 ൽ ആരംഭിച്ച കാനഡ ചൈൽഡ് ബെനിഫിറ്റ് സഹായിച്ചിരുന്നു. ലക്ഷക്കണക്കിന് കുട്ടികളെ ദാരിദ്ര്യത്തിലേക്ക് വീഴുന്നതിൽ നിന്ന് കാനഡ ചൈൽഡ് ബെനിഫിറ്റ് തടഞ്ഞിരുന്നെങ്കിലും ഭവന, ഭക്ഷണ ചെലവുകൾ വർധിച്ചതോടെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ദാരിദ്ര്യം കൂടുതൽ കുടുംബങ്ങളെ ബാധിക്കുക മാത്രമല്ല, അത് കൂടുതൽ ആഴത്തിലാകുകയും ചെയ്യുന്നു. കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്, റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഭക്ഷ്യ അരക്ഷിതാവസ്ഥയും വഷളാകുകയാണ്. കാനഡയിലുടനീളം 2.5 ദശലക്ഷം കുട്ടികൾ ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്. 2019 മുതൽ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ ഇരട്ടിയായിട്ടുണ്ട്.
