സെന്റ് ജോൺസ്: നിരോധിത ആയുധങ്ങൾ കൈവശം വച്ചതിൽ പ്രൊവിൻഷ്യൽ ക്രൗൺ പ്രോസിക്യൂട്ടറെ അറസ്റ്റ് ചെയ്ത് പൊലീസ്. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ ക്രൗൺ പ്രോസിക്യൂട്ടർ ലീ ബാലറ്റിനെയാണ് ആയുധക്കടത്ത്, നിരോധിത ആയുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബറിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) കണ്ടെത്തിയ തോക്കുകളിൽ ഉപയോഗിക്കുന്ന സൈലൻസർ അടങ്ങിയ പാർസലാണ് അന്വേഷണത്തിലേക്ക് നയിച്ചത്. ബാലറ്റിന്റെ വിലാസത്തിലേക്ക് വന്ന ഈ പാർസലിൽ ട്രാക്കർ ഘടിപ്പിച്ചാണ് പൊലീസ് പരിശോധന നടത്തിയത്.
പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ഒൻപത് തോക്കുകൾ, 23 മാഗസിനുകൾ, ബോഡി കവചങ്ങൾ, കത്തികൾ എന്നിവ പൊലീസ് കണ്ടെടുത്തു. കൂടാതെ 35 ഗ്രാം ഹാലുസിനോജൻ മരുന്നുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെങ്കിലും, ആയുധങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്തതിനും നിയമവിരുദ്ധമായി കൈവശം വച്ചതിനും ബാലറ്റിനെതിരെ കുറ്റങ്ങൾ നിലനിൽക്കുന്നതായി RCMP കോടതിയെ അറിയിച്ചു.

സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പ്രവിശ്യയിലെ പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ ലിസ സ്റ്റെഡ് തയ്യാറായിട്ടില്ല. ബാലറ്റിന്റെ നിലവിലെ തൊഴിൽ സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ സ്വകാര്യത മുൻനിർത്തി അവർ വെളിപ്പെടുത്തിയില്ലെങ്കിലും, പ്രോസിക്യൂഷൻ നടപടികളുടെ സുതാര്യത ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അവർ വ്യക്തമാക്കി. പിടിച്ചെടുത്ത തെളിവുകൾ കൂടുതൽ പരിശോധിക്കുന്നതിനായി കോടതി ജൂൺ മാസം വരെ പൊലീസിന് സമയം അനുവദിച്ചിട്ടുണ്ട്.
