Saturday, March 7, 2026

ഇറാനിയന്‍ കപ്പലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ റിപ്പബ്ലിക് ടിവി സംഘം അറസ്റ്റില്‍; ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം കേസ്

കൊച്ചി: കൊച്ചി തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തിയ റിപ്പബ്ലിക് ടിവി പ്രതിനിധികളെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. ചാനലിന്റെ റിപ്പോര്‍ട്ടര്‍, ക്യാമറാമാന്‍ എന്നിവര്‍ക്ക് പുറമെ ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് ഓടിച്ചിരുന്ന കൊച്ചി സ്വദേശിയെയുമാണ് പിടികൂടിയത്. അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കടന്നതിനും ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ഒഫീഷ്യല്‍ സീക്രട്ട് ആക്ട് (Official Secrets Act) പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. കപ്പലിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പ്രതിരോധ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് സഹായം തേടിയ ഐറിസ് ലവാന് മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇന്ത്യ അഭയം നല്‍കിയതെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പ്രതികരിച്ചു. നിരവധി യുവ നാവികര്‍ കപ്പലിലുണ്ടെന്നും ഇന്ത്യയുടേത് ശരിയായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. മട്ടാഞ്ചേരി കോള്‍ ബര്‍ത്തില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ 183 പേരെ നിലവില്‍ കൊച്ചിയിലെ വിവിധ നാവിക കേന്ദ്രങ്ങളിലായി പാര്‍പ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി 28-ന് അനുമതി തേടിയ കപ്പല്‍ മാര്‍ച്ച് 4-നാണ് കൊച്ചി തീരത്ത് അടുപ്പിച്ചത്.

അതേസമയം, മറ്റൊരു ഇറാനിയന്‍ കപ്പലായ ഐറിസ് ദേനയിലെ നാവികരെ തിരിച്ചയക്കരുതെന്ന് ശ്രീലങ്കയോട് അമേരിക്ക ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നാവികരെ ഐറിസ് ബുഷെര്‍ എന്ന കപ്പലില്‍ നാട്ടിലേക്ക് അയക്കരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മെമ്മോ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനുമായുള്ള പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ സംഭവങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!