Monday, March 9, 2026

എപ്‌സ്റ്റീന്റെ മരണം; ജയിൽ ഗാർഡിന്റെ ഗൂഗിൾ സെർച്ചും നിഗൂഢമായ പണമിടപാടുകളും പുറത്ത്

ന്യൂയോർക്ക്: ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ലൈംഗികാതിക്രമക്കേസിൽ ദിവസേനെയെന്നോണം പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നതിന്‌ പിന്നാലെ വീണ്ടും വെളിപ്പെടുത്തലുകൾ. 2019-ൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ കറക്ഷനൽ സെന്ററിൽ എപ്‌സ്റ്റീനെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് തൊട്ടുമുമ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡ് ഇയാളെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞെന്നാണ്‌ പുതിയ രേഖകൾ വ്യക്തമാക്കുന്നത്‌. യുഎസ് നീതിന്യായ വകുപ്പ് (DOJ) പുറത്തുവിട്ട ഏറ്റവും പുതിയ ഫോറൻസിക് റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ. എപ്‌സ്റ്റീനെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് ഏകദേശം 40 മിനിറ്റ് മുമ്പ്, പുലർച്ചെ 5:42-നും 5:52-നും ഇടയിൽ ഗാർഡായ തോവ നോയൽ തന്റെ കമ്പ്യൂട്ടറിൽ എപ്‌സ്റ്റീന്റെ ജയിലിലെ ഏറ്റവും പുതിയ വിശേഷങ്ങൾ എന്ന് തിരഞ്ഞതായി എഫ്ബിഐ കണ്ടെത്തി. 6:30-ഓടെയാണ് എപ്‌സ്റ്റീനെ തൂങ്ങിമരിച്ച നിലയിൽ സഹപ്രവർത്തകൻ കണ്ടെത്തുന്നത്. എപ്‌സ്റ്റീൻ മരിക്കുന്നതിന് പത്ത് ദിവസം മുമ്പ് നോയലിന്റെ അക്കൗണ്ടിൽ 5,000 ഡോളറിന്റെ നിഗൂഢമായ നിക്ഷേപം നടന്നതായും റിപ്പോർട്ടിലുണ്ട്. വിവിധ ഘട്ടങ്ങളിലായി പതിനൊന്നായിരത്തിലധികം ഡോളർ ഇവരുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു ഗൂഗിൾ സെർച്ച് താൻ നടത്തിയിട്ടില്ലെന്നാണ് തോവ നോയൽ മൊഴി നൽകിയിരിക്കുന്നത്. എഫ്ബിഐ രേഖകൾ കൃത്യമല്ലെന്നുമാണ്‌ ഇവരുടെ വാദം.

സംഭവദിവസം രാത്രി എപ്‌സ്റ്റീന്റെ സെല്ലിന് സമീപം ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളോ തുണികളോ കൊണ്ടുപോകുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇത് നോയൽ ആണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. എന്നാൽ താൻ ആർക്കും തുണികൾ നൽകിയിട്ടില്ലെന്ന് നോയൽ മൊഴി നൽകി. എപ്‌സ്റ്റീൻ തൂങ്ങിമരിക്കാൻ ഉപയോഗിച്ചതും ഇത്തരത്തിലുള്ള ഓറഞ്ച് തുണിയാണെന്നതും സംശയങ്ങൾ വർധിപ്പിക്കുന്നു. നേരത്തെ, ജോലിസമയത്ത് ഉറങ്ങുകയും രേഖകളിൽ തിരിമറി നടത്തുകയും ചെയ്തതിന് തോവ നോയലിനെയും സഹപ്രവർത്തകൻ മൈക്കൽ തോമസിനെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. എപ്‌സ്റ്റീന്റെ മരണം ആത്മഹത്യയാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടെങ്കിലും, പുതിയ വെളിപ്പെടുത്തലുകൾ കേസിനെ ചുറ്റിപ്പറ്റിയുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് വീണ്ടും ജീവൻ നൽകിയിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!