വൻകൂവർ : ആരാധനാലയങ്ങൾക്ക് സമീപമുള്ള പ്രതിഷേധ പ്രകടനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ നിയമനിർമ്മാണം അവതരിപ്പിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ സ്കൂളുകൾക്ക് സമീപം ഏർപ്പെടുത്തിയിട്ടുള്ള ഇത്തരം നിരോധനത്തിന് സമാനമായ രീതിയിൽ, ആരാധനാലയങ്ങളുടെ 20 മീറ്റർ പരിധിക്കുള്ളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതോ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ പ്രതിഷേധങ്ങൾ തടയാനാണ് ഈ നിയമനിർമ്മാണം ലക്ഷ്യമിടുന്നത്.

ആരാധനാലയങ്ങളിൽ എത്തുന്നവരുടെ ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ “ബബിൾ സോൺ” നിയമം കൊണ്ടുവരുന്നതെന്ന് പ്രീമിയർ ഡേവിഡ് എബി വ്യക്തമാക്കി. ഒൻ്റാരിയോയിലെ സിനഗോഗുകൾക്ക് നേരെയുണ്ടായ വെടിവെയ്പ്പിൻ്റെയും ആരാധനാലയങ്ങൾക്കെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നീക്കം. അതേസമയം ബ്രിട്ടിഷ് കൊളംബിയ സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ കാനഡയിലെ വിവിധ സിവിൽ ലിബർട്ടീസ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളിലെ അക്രമങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ തന്നെ പൊലീസിന് ആവശ്യമായ അധികാരം നൽകുന്നുണ്ടെന്നും പുതിയ നിയമം സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും തടയുമെന്നും അവർ വാദിക്കുന്നു. ഇത്തരം നിയന്ത്രണങ്ങൾ ജനാധിപത്യപരമായ അഭിപ്രായപ്രകടനങ്ങളെ ഇല്ലാതാക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
