Wednesday, March 25, 2026

നിയമനത്തേക്കാൾ കൂടുതൽ വിരമിക്കൽ; കാനഡയിൽ 1,500 എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവെന്ന് വിദഗ്ധർ

ഓട്ടവ: കാനഡയിലെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്കെന്ന് സൂചന. എയർ ട്രാഫിക് കൺട്രോളർമാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ഏകദേശം 1,500 കൺട്രോളർമാരുടെ കുറവുണ്ടെന്നും റിക്രൂട്ട്‌മെന്റ് നടപടികൾ നടക്കുന്നുണ്ടെങ്കിലും വിരമിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ചുള്ള നിയമനം നടക്കുന്നില്ലെന്നും മക്ഗിൽ സർവകലാശാലയിലെ ഏവിയേഷൻ മാനേജ്‌മെന്റ് ലക്ചറർ ജോൺ ഗ്രേഡെക് വ്യക്തമാക്കി. ഈ തൊഴിലിന് ആവശ്യമായ സങ്കീർണ്ണമായ നൈപുണ്യവും കഠിനമായ പരിശീലനവുമാണ് ഉദ്യോഗാർത്ഥികളുടെ കുറവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പരിശീലനത്തിന് എത്തുന്നവരിൽ പത്ത് ശതമാനം പേർക്ക് മാത്രമാണ് വിജയകരമായി കോഴ്സ് പൂർത്തിയാക്കാൻ സാധിക്കുന്നതെന്നും ഇത് പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാനഡയിലെ എയർ ട്രാഫിക് സേവനങ്ങൾ നിയന്ത്രിക്കുന്ന നവ് കാനഡ തങ്ങളുടെ പക്കൽ മതിയായ ജീവനക്കാരുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ കണക്കുകൾ പുറത്തുവിടാൻ തയ്യാറായിട്ടില്ല. മികച്ച ശമ്പളവും അത്യാധുനിക സൗകര്യങ്ങളും കാനഡ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പരിശീലനം സിദ്ധിച്ച പലരും ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് മികച്ച അവസരങ്ങൾ തേടി പോകുന്നത് കാനഡയ്ക്ക് തിരിച്ചടിയാകുന്നുണ്ട്.

കാനഡയിലെ വ്യോമയാന സുരക്ഷ ലോകനിലവാരത്തിലുള്ളതാണെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ നവ് കാനഡയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഗതാഗത മന്ത്രി സ്റ്റീവൻ മക് കിനോൺ വ്യക്തമാക്കി. കൺട്രോളർമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനും പുതിയ റിക്രൂട്ട്‌മെന്റ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. കാനഡയിൽ പരിശീലനം പൂർത്തിയാക്കിയവർ വിദേശത്തേക്ക് ചേക്കേറുന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. വരും വർഷങ്ങളിൽ വിരമിക്കുന്നവരുടെ എണ്ണം വർധിക്കാനിരിക്കെ, വ്യോമയാന മേഖലയുടെ സുഗമമായ പ്രവർത്തനത്തിന് അടിയന്തരമായി കൂടുതൽ കൺട്രോളർമാരെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ പക്ഷം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!