ഓട്ടവ : രാജ്യതലസ്ഥാനത്തെ വാഹനഉടമകൾ ഇന്ന് തന്നെ ഇന്ധന ടാങ്ക് നിറയ്ക്കുക. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഓട്ടവയിൽ നാളെ വീണ്ടും പെട്രോൾ വില വർധന പ്രവചിച്ച് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി പ്രസിഡൻ്റ് ഡാൻ മക്ടീഗ്. ഓട്ടവയിൽ ബുധനാഴ്ച പെട്രോൾ വില ലിറ്ററിന് 13 സെൻ്റ് കുറഞ്ഞ് ഏകദേശം 1.66 ഡോളറായിരുന്നു. എന്നാൽ, വ്യാഴാഴ്ച വീണ്ടും പെട്രോൾ വില 7 സെൻ്റ് വർധിക്കുമെന്നും ലിറ്ററിന് 173.9 സെൻ്റിലെത്തുമെന്നും ഡാൻ മക്ടീഗ് പറയുന്നു. മിഡിൽ ഈസ്റ്റിലെ യുദ്ധം കാരണം ഫെബ്രുവരി 28 മുതൽ പെട്രോൾ വില ലിറ്ററിന് 35 സെൻ്റിൽ കൂടുതൽ വർധിച്ചിട്ടുണ്ട്. വ്യാഴാഴ്ച പെട്രോളിനൊപ്പം ഡീസലിനും വില വർധിക്കും. ഡീസൽ വിലയിൽ 10 സെൻ്റ് വർധനയാണ് ഡാൻ മക്ടീഗ് പ്രവചിക്കുന്നത്.

അതേസമയം രാജ്യാന്തര ഊർജ്ജ ഏജൻസിയുടെ ഉപദേശം പാലിക്കാനും ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനുമായി ഫെഡറൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് കനേഡിയൻ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ എംപ്ലോയീസ് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
