ടെഹ്‌റാൻ : അമേരിക്കൻ എഫ്-18 യുദ്ധവിമാനം തകർത്തെന്ന് അവകാശവാദവുമായി ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). യുഎസ്എസ് യുദ്ധക്കപ്പലായ എബ്രഹാം ലിങ്കണിനെതിരെ ആക്രമിച്ചതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. എന്നാൽ ഈ ആക്രമണത്തെ പറ്റിയോ അതിന്‍റെ മറ്റു വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുഎസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല.
ഇറാനിലെ പ്രസ് ടിവിയാണ് യുഎസ് എഫ് 18 വിമാനത്തെ ഇറാൻ ലക്ഷ്യം വച്ചെന്ന കുറിപ്പോടെ വിഡിയോ പങ്കുവച്ചത്. പ്രസ് ടിവി പുറത്തുവിട്ട വിഡിയോയിൽ ഒരു ഫൈറ്റർ ജെറ്റ് പറക്കുന്നത് കാണാം. പിന്നാലെ വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെടുന്നതും കാണാം. എന്നാൽ ആക്രമിക്കപ്പെട്ടതായോ, വിമാനത്തിന് മറ്റെന്തെങ്കിലും കേടുപാട് സംഭവിച്ചതായോ വിഡിയോയിൽ വ്യക്തമല്ല.
