Monday, March 30, 2026

പാലക്കാട്ട് വമ്പൻ സർപ്രൈസ് കാത്തിരിക്കുന്നു; യുഡിഎഫിന്റെ സ്റ്റാർ ക്യാമ്പയിനർമാർ ജനങ്ങളെന്ന് ഷാഫി പറമ്പിൽ

പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയ്‌ക്ക് പിന്തുണയുമായി എത്തിയ മുൻ എംഎൽഎ ഷാഫി പറമ്പിൽ, പാലക്കാട്ടെ വോട്ടർമാർക്കായി വമ്പൻ സർപ്രൈസ് കാത്തിരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തിൽ വരും ദിവസങ്ങളിൽ പ്രമുഖ നേതാക്കൾ പ്രചാരണത്തിനെത്തുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

പ്രചാരണത്തിൽ പ്രമുഖ നേതാക്കളുടെ അഭാവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഷാഫി ഇക്കാര്യം പറഞ്ഞത്. “ഷെഡ്യൂൾ ഇല്ലെന്ന് കരുതി നേരത്തെ പറയരുത്. വെയിറ്റ് ആൻഡ് സീ, ആരാണ് വരുന്നതെന്ന് കണ്ടോളൂ, പാലക്കാടിന് വലിയൊരു സർപ്രൈസ് ഉണ്ടാകും,” അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ വരുമോ എന്നതിനേക്കാൾ ഉപരിയായി, തന്നെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പിലെ യഥാർത്ഥ സ്റ്റാർ ക്യാമ്പയിനർമാർ പാലക്കാട്ടെ ജനങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ വലിയ ആവേശത്തോടെയാണ് യുഡിഎഫിന് ഒപ്പം നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മണ്ഡലത്തിലെ വികസന കാര്യങ്ങളിലല്ല, മറിച്ച് ഒരു കൗൺസിലറുടെ കാര്യമാണ് സംസാരിച്ചതെന്ന് ഷാഫി കുറ്റപ്പെടുത്തി. ഒളിമ്പിക് മെഡൽ ജേതാക്കളായ കായിക താരങ്ങളെപ്പോലും അവഗണിച്ച ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു നിലപാട് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയത്തിൽ കോൺഗ്രസ് ആണെന്ന് തുറന്നു പറയാൻ പിഷാരടി കാണിച്ച ധൈര്യത്തെ അദ്ദേഹം പ്രശംസിച്ചു. ഇത് അദ്ദേഹത്തിന്റെ കരിയറിനെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയതെന്ന് ഷാഫി പറഞ്ഞു.

പാലക്കാട് യുഡിഎഫ് തന്നെ ജയിക്കുമെന്നും, അതിൽ ഒരു സംശയവും വേണ്ടെന്നും ഷാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിയെ തോൽപ്പിക്കാൻ കെൽപ്പുള്ള ഏക ശക്തി യുഡിഎഫ് ആണെന്ന് പാലക്കാട്ടെ ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. താൻ കോൺഗ്രസ് ആണെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ച രമേഷ് പിഷാരടിയുടെ സ്ഥാനാർത്ഥിത്വത്തിൽ വലിയ ആത്മവിശ്വാസമാണ് യുഡിഎഫ് ക്യാമ്പിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖ നേതാക്കൾ പാലക്കാട്ടെത്തുമെന്ന ഷാഫിയുടെ പ്രസ്താവന മണ്ഡലത്തിലെ രാഷ്ട്രീയ ചൂട് വർദ്ധിപ്പിച്ചിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!