മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ‘വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ ആവേശകരമായ തുടക്കം കുറിച്ചു. ഏപ്രിൽ 2-ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം തന്നെ ‘ബ്ലോക്ക്ബസ്റ്റർ’ പദവിയിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ബുക്ക് മൈ ഷോയിൽ മാത്രം 2.28 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കേരളത്തിലുടനീളം വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഒരു മണികൂറിൽ 13000 ടിക്കറ്റുകൾ വിൽപ്പന നടത്തിയെന്ന റിപ്പോർട്ട് ഇപ്പോൾ എത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ബ്ലോക്ക്ബസ്റ്റർ ടാഗുകൾ ചിത്രത്തിന്റെ പേരിൽ നിറയുകയാണ്. കോമഡിയും വികാരങ്ങളും കൃത്യമായി ചേർത്തുവെച്ച സിനിമയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സാവിൻ എസ്.എയുടെ സംവിധാനവും വിപിൻ ദാസിന്റെ തിരക്കഥയും രണ്ടാം ഭാഗത്തെ ആദ്യ ഭാഗത്തേക്കാൾ മികച്ചതാക്കുന്നുവെന്ന് നിരൂപകർ വിലയിരുത്തുന്നു.
ഹാഷിർ, അലൻ, അജിൻ, വിനായക് എന്നീ ‘ബില്യൺ ബ്രോസ്’ ഗാംഗിനൊപ്പം അൽഫോൺസ് പുത്രൻ, അജു വർഗീസ് എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് കരുത്തേകുന്നു. അതിശക്തമായ ബുക്കിംഗുമായി മുന്നേറുന്ന ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറുമെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
