Tuesday, April 14, 2026

സമാധാന ചർച്ചകൾ തകർത്തത് ‘യുറേനിയം’ തർക്കം; 20 വർഷത്തെ വിലക്ക് അംഗീകരിക്കാതെ ഇറാൻ

ടെഹ്റാൻ: യുറേനിയം സമ്പുഷ്ടീകരണത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം മുറുകിയതോടെ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ വഴിമുട്ടിയതായി റിപ്പോർട്ട്. ഇറാന്റെ ആണവ പദ്ധതികൾക്ക് ചുരുങ്ങിയത് 20 വർഷത്തെ വിലക്ക് ഏർപ്പെടുത്തണമെന്ന അമേരിക്കയുടെ കർശനമായ ആവശ്യമാണ് പ്രതിസന്ധിക്ക് കാരണമായത്. എന്നാൽ അഞ്ചു വർഷത്തെ നിയന്ത്രണം മാത്രമേ അംഗീകരിക്കാനാവൂ എന്ന നിലപാടിൽ ഇറാൻ ഉറച്ചുനിന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാൻ തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച മുഴുവൻ യുറേനിയം ശേഖരവും രാജ്യം വിട്ടു കടത്തണമെന്ന അമേരിക്കൻ പ്രതിനിധികളുടെ ആവശ്യം ചർച്ചകളിൽ പ്രധാന തർക്കവിഷയമായി. എന്നാൽ യുറേനിയം വിദേശത്തേക്ക് നൽകാൻ കഴിയില്ലെന്നും പകരം അന്താരാഷ്ട്ര നിരീക്ഷണത്തിൽ അതിന്റെ തീവ്രത കുറയ്ക്കാമെന്നുമാണ് ഇറാൻ വ്യക്തമാക്കിയത്. ആണവ നിയന്ത്രണത്തിന്റെ കാലാവധിയെച്ചൊല്ലിയുള്ള ഈ കടുത്ത ഭിന്നത പരിഹരിക്കാൻ ഇരുപക്ഷത്തിനും സാധിക്കാത്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി.

അതേസമയം യുറേനിയം സമ്പുഷ്ടീകരണം 12.5 വർഷത്തേക്ക് നിർത്തിവെക്കുന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും പുതിയ ധാരണയിലേക്ക് നീങ്ങുന്നതായി പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ഇയാൻ ബ്രെമ്മർ സൂചിപ്പിച്ചു. അമേരിക്കയുടെയും ഇറാന്റെയും നിലപാടുകൾ തമ്മിലുള്ള വിടവ് നികത്താൻ ഈ മധ്യസ്ഥ നീക്കം സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ. എങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!