വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിര്‍ണ്ണായക നീക്കവുമായി അമേരിക്കയും ഇറാനും വീണ്ടും ചര്‍ച്ചയുടെ മേശയിലേക്ക്. വ്യാഴാഴ്ച മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ ചര്‍ച്ചകള്‍ ആരംഭിച്ചേക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (AP) റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വാരാന്ത്യത്തില്‍ പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ വെച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഇറാനിയന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ നീക്കം. ഇസ്ലാമാബാദിലെ ചര്‍ച്ചകള്‍ അന്തിമ തീരുമാനമില്ലാതെയാണ് അവസാനിച്ചതെങ്കിലും, അമേരിക്കയുടെ മുന്‍ഗണനകള്‍ വ്യക്തമാക്കാന്‍ സാധിച്ചുവെന്നും ചര്‍ച്ചകള്‍ ഗുണകരമായിരുന്നുവെന്നും വാന്‍സ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമേരിക്ക നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ചര്‍ച്ചയുടെ കൃത്യമായ സ്ഥലമോ അജണ്ടയോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉന്നതതല പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ചര്‍ച്ചകള്‍ വിജയകരമായാല്‍ പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് വലിയൊരു പരിഹാരമാകുമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു. പന്ത് ഇപ്പോള്‍ ഇറാന്റെ കോര്‍ട്ടിലാണെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.
