ഇസ്ലാമാബാദ്: അന്തരിച്ച പ്രശസ്ത പിന്നണിഗായിക ആശ ഭോസ്ലെയുടെ വിയോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിനു പാക്കിസ്ഥാനിലെ പ്രമുഖ വാര്‍ത്താ ചാനലായ ജിയോ ന്യൂസിനു പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ഭോസ്ലെയുടെ വിയോഗ വാര്‍ത്ത നല്‍കിയപ്പോള്‍ അവരുടെ പ്രശസ്തമായ ഇന്ത്യന്‍ ഗാനങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചു എന്നതാണ് നോട്ടിസിനു കാരണമായി അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. ജിയോ ന്യൂസ് ഉറുദുവിന്റെ എംഡി അസ്ഹര്‍ അബ്ബാസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചത്.
ഇതിഹാസ തുല്യരായ കലാകാരന്മാരെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവരുടെ സൃഷ്ടികള്‍ ആഘോഷിക്കുന്നത് പതിവാണ്. എന്നാല്‍ പാക് ഭരണകൂടം ഇത് നിയന്ത്രിക്കാനാണ് ശ്രമിക്കുന്നതെന്ന് അസ്ഹര്‍ അബ്ബാസ് പറഞ്ഞു. ആശാ ഭോസ്ലെയുടെ പോലൈാരു കലാകാരിക്ക്, അവരുടെ കാലാതീതവും അവിസ്മരണീയവുമായ ഗാനങ്ങള്‍ ഇനിയും പങ്കുവെക്കേണ്ടതായിരുന്നു. എന്നിട്ടും പാക്കിസ്ഥാനിലെ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററായ പെമ്ര ഇത് നിയന്ത്രിക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു.

പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. അറിവിനെപ്പോലെ കലയും മനുഷ്യരാശിയുടെ പൊതുവായ പൈതൃകമാണ്, അതിനെ അതിരുകള്‍ക്കുള്ളില്‍ തളച്ചിടരുത്. ആശാ ഭോസ്ലെ പാക്കിസ്ഥാനിലെ ഇതിഹാസ ഗായിക നൂര്‍ ജഹാനെ ഏറെ ആരാധിച്ചിരുന്നു. അവരെ അവര്‍ സ്‌നേഹപൂര്‍വം ‘മൂത്ത സഹോദരി’ എന്ന് വിളിച്ചു. നുസ്രത്ത് ഫത്തേ അലി ഖാനുമായി സഹകരിച്ച് പ്രവര്‍ത്തിച്ച അവര്‍ നസീര്‍ കാസ്മിയെപ്പോലെയുള്ള മഹാന്‍മാരായ ഉര്‍ദു കവികളുടെ കവിതകള്‍ക്ക് ജീവന്‍ നല്‍കി. യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും കാലഘട്ടങ്ങളില്‍ കലയും കലാകാരന്മാരും ഇരകളാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്‍ ടെലിവിഷന്‍ ചാനലുകളില്‍ ഇന്ത്യന്‍ ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള പാക് സുപ്രിംകോടതിയുടെ 2018-ലെ ഉത്തരവിന്റെ ലംഘനമാണെന്നാണ് അധികൃതരുടെ വിശദീകരണം.
