കൊച്ചി: കൊണ്ടും കൊടുത്തും പോരടിച്ച നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനത്തിന് മുമ്പേ ആരാണ് യു.ഡി.എഫിൻ്റെ മുഖ്യമന്ത്രിയാകുക എന്ന ചർച്ച മുറുകുന്നതിനിടെ കെ.സി. വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ച് കെ. സുധാകരൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ സംഘടനാ മികവിനെയും നേതൃപാടവത്തെയും പ്രകീർത്തിച്ചാണ് കെ. സുധാകരൻ്റെ ഫേസ് ബുക്ക് പോസ്റ്റ്. കേരള രാഷ്ട്രീയത്തിന് കെ.സി വേണുഗോപാലിന്റെ സാന്നിധ്യം എത്രത്തോളം അനിവാര്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയതലത്തിൽ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുന്നതിനൊപ്പം തന്നെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ ഉണർത്തുന്നതിലും സ്ഥാനാർത്ഥികൾക്ക് ആത്മവിശ്വാസം പകരുന്നതിലും കെ.സി വേണുഗോപാൽ വഹിച്ച പങ്ക് നിർണ്ണായകമാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവന്ന നേതാവായതിനാൽ പ്രവർത്തകരുടെ മനസ്സറിയാൻ അദ്ദേഹത്തിന് കഴിയുന്നുവെന്നും അദ്ദേഹം കുറിച്ചു.

കെ. കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻചാണ്ടി, വയലാർ രവി തുടങ്ങിയ മഹാനേതാക്കൾ നയിച്ച കേരള രാഷ്ട്രീയത്തിന്റെ പാത പിന്തുടർന്ന് സംസ്ഥാനത്തെ നയിക്കാൻ കെ.സി വേണുഗോപാലിന് സാധിക്കുമെന്ന് കുറിപ്പിൽ പറയുന്നു. പ്രതിസന്ധികളിൽ തളരാത്ത നിലപാടും പ്രവർത്തകരോടുള്ള വിനയവുമാണ് കെ.സി വേണുഗോപാലിനെ മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഒരു നേതാവെന്നതിലുപരി പ്രവർത്തകരുടെ സഹയാത്രികനായി നിലകൊള്ളാൻ അദ്ദേഹത്തിന് കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ കരുത്തെന്നും സുധാകരൻ വിലയിരുത്തി. കോൺഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നൽകാനും കേരളത്തിന്റെ നാളെയുടെ ഭരണത്തിന് നേതൃത്വം നൽകാനും കെ.സി വേണുഗോപാലൻ ഉയരട്ടെ എന്ന ആശംസയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. അതേ സമയം പോസ്റ്റിന് താഴെ പറഞ്ഞതൊക്കെ ശരിയാണെങ്കിലും മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മതി എന്ന കമൻ്റുകളാണ് നിറഞ്ഞിട്ടുള്ളത്.
കെ. സുധാകരൻ്റെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്ന്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു. കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവർത്തകരെ ഉണർത്തിയും, എല്ലാ സ്ഥാനാർത്ഥികൾക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്. ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വമാണ്. ലീഡർ ശ്രീ. കെ. കരുണാകരൻ, ശ്രീ എ.കെ ആന്റണി, ശ്രീ. ഉമ്മൻചാണ്ടി, ശ്രീ വയലാർജി തുടങ്ങി… സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ.സി.യ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണ്.
ഒരു നേതാവിന്റെ മഹത്വം പദവികളിൽ അല്ല, അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകൾക്ക് മറുപടി നൽകാനും കഴിയൂ. പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത, പ്രതിസന്ധികളിൽ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ. സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്. നേതാവെന്ന നിലയിൽ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവർത്തകരുടെ ഇടയിൽ നിലകൊള്ളാൻ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി.
അത്തരം നേതാക്കൾ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവർത്തന ശൈലിയും, ആത്മാർത്ഥതയും തന്നെയാണ് ഭാവിയെ നിർണ്ണയിക്കുന്നത്. കോൺഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നൽകാൻ, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും. പ്രവർത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ.സി. വേണുഗോപാലൻ ഉയരട്ടെ! ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ
