ഓട്ടവ: കാനഡയുടെ സാമ്പത്തിക വളർച്ചയ്ക്ക് നിർണ്ണായകമായ പുതിയ എണ്ണ പൈപ്പ്ലൈൻ പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാകുമെന്ന കാര്യത്തിൽ വ്യവസായ പ്രമുഖർക്കിടയിൽ ആത്മവിശ്വാസം കുറയുന്നതായി റിപ്പോർട്ട്. എടിബി കോർമാർക്ക് ക്യാപിറ്റൽ മാർക്കറ്റ്സ് നടത്തിയ ബിസിനസ് സെന്റിമെന്റ് സർവേയിലാണ് ഈ കണ്ടെത്തൽ.
പുതിയ പൈപ്പ്ലൈൻ പദ്ധതി ‘ദേശീയ താൽപ്പര്യമുള്ള’ പട്ടികയിൽ ഉൾപ്പെടുമെന്ന് വിശ്വസിക്കുന്നവർ കഴിഞ്ഞ വർഷത്തെ 52 ശതമാനത്തിൽ നിന്ന് 46 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ലിബറൽ സർക്കാർ സൃഷ്ടിച്ച ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പില്ലെന്ന് പല കമ്പനി എക്സിക്യൂട്ടീവുകളും അഭിപ്രായപ്പെട്ടു. “വെറും സംസാരമല്ല, നടപടിയാണ് വേണ്ടത്” എന്ന വികാരമാണ് ഊർജ്ജ മേഖലയിലുള്ളവർ പങ്കുവെക്കുന്നത്. അതേസമയം, ഊർജ്ജ മേഖലയുടെ വികസനത്തിനായി പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നവർ 48 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്.

ഏഷ്യൻ വിപണികളിലേക്ക് ഒരു ദിവസം പത്തുലക്ഷം ബാരൽ വരെ എണ്ണ എത്തിക്കാൻ ലക്ഷ്യമിടുന്നതാണ് നിർദ്ദിഷ്ട പൈപ്പ്ലൈൻ. ഇത് കാനഡയുടെ അമേരിക്കൻ വിപണിയോടുള്ള അമിത ആശ്രയം കുറയ്ക്കാൻ സഹായിക്കും. ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും പ്രധാനമന്ത്രിയും തമ്മിൽ ഇതിനായി നേരത്തെ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു.
കാർബൺ സംഭരണ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകളിലെ കാലതാമസവും നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തീരുമാനങ്ങൾ ഉണ്ടാകാത്തതുമാണ് നിക്ഷേപകർക്കിടയിൽ സംശയത്തിന് കാരണമാകുന്നത്. പടിഞ്ഞാറൻ തീരത്തേക്ക് പുതിയ പൈപ്പ്ലൈൻ നിർമ്മിക്കുന്നതിനേക്കാൾ, അമേരിക്കയിലേക്കുള്ള കീസ്റ്റോൺ എക്സ്എൽ (Keystone XL) പോലുള്ള പദ്ധതികൾ പുനരുജ്ജീവിപ്പിക്കുന്നതിലാണ് പലർക്കും താൽപ്പര്യമെന്നും സർവേ സൂചിപ്പിക്കുന്നു.
