ടെഹ്റാന്: ഹോര്‍മുസ് കടലിടുക്ക് ഇറാന് വീണ്ടും തുറന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപതിലേറെ കപ്പലുകള്‍ ഈ സുപ്രധാന കപ്പല്‍പാത കടന്നുപോയി. ഇറാന് നാവികസേനയുടെ കര്‍ശനമായ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് നിലവില്‍ കപ്പലുകള്‍ സഞ്ചരിക്കുന്നത്. അതേസമയം, തങ്ങളുടെ തുറമുഖങ്ങള്‍ക്ക് നേരെ ഉപരോധം തുടരുകയാണെങ്കില്‍ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്നാണ് ആഗോള ഊര്‍ജ മേഖലയെ മുനാനിര്ത്തുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചിരുന്നത്.
ഇറാന്-അമേരിക്ക രണ്ടാംവട്ട ചര്‍ച്ച വരുംദിവസങ്ങളില്‍ ഇസ്ലാമാബാദില് നടക്കുമെന്നാണ് സൂചനകള്‍. എല്ലാ വിഷയങ്ങളിലും ഇറാന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാന് വിദേശകാര്യമന്ത്രാലയം ഇത് തള്ളിക്കളഞ്ഞു. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുന്ന കാര്യത്തില്‍ യാതൊരു നീക്കവുമില്ലെന്ന് ഇറാന് വ്യക്തമാക്കി. അമേരിക്കന്‍ നേതൃത്വത്തിന്റെ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ അവരുടെ വിശ്വാസ്യത ഇല്ലായ്മയുടെ തെളിവാണ് ഇതെന്ന് ഇറാന് കുറ്റപ്പെടുത്തി.

അതിനിടെ, ലെബനാന് നേരെ ഇനി ബോംബാക്രമണം നടത്തരുതെന്ന് ഇസ്രയേലിനോട് ട്രംപ് ആവശ്യപ്പെട്ടത് വലിയ രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ട്രംപിന്റെ ഈ പ്രഖ്യാപനം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഞെട്ടിച്ചതായും ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഇസ്രയേല്‍ വൈറ്റ് ഹൗസിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ്എസ് ജെറാള്‍ഡ് ആര്.ഫോര്‍ഡ് എന്ന വിമാനവാഹിനി കപ്പല്‍ പശ്ചിമേഷ്യയില്‍ വിന്യസിച്ച ട്രംപിന്റെ പഴയ നീക്കങ്ങള്‍ മേഖലയില്‍ വലിയ സംഘര്‍ഷത്തിന് കാരണമായിരുന്നു.
ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള തീരുമാനത്തെ യുഎഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്റെ ഇടപെടലാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയതെന്ന് യുഎഇ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ഊര്‍ജ ഗതാഗതത്തിന് അതിനിര്‍ണായകമായ ഈ പാത അടച്ചത് ലോകമാകെ വലിയ ഊര്‍ജ പ്രതിസന്ധിക്ക് കാരണമായിരുന്നു. സ്വതന്ത്രമായ സമുദ്രസഞ്ചാരം പുനഃസ്ഥാപിക്കപ്പെട്ടത് ആഗോള വിപണിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
