ടെഹ്റാന്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഇറാന് അംഗീകരിച്ചുവെന്ന വാദങ്ങള്‍ തള്ളി ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് രംഗത്തെത്തി. ഡോണള്‍ഡ് ട്രംപ് നടത്തിയ അവകാശവാദങ്ങളെല്ലാം തെറ്റാണെന്നും നുണകള്‍ പ്രചരിപ്പിച്ച് യുദ്ധം ജയിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഇറാന്റെ കര്‍ശനമായ നിയന്ത്രണത്തിലായിരിക്കുമെന്നും അമേരിക്കയുടെ നാവിക ഉപരോധം നീക്കിയില്ലെങ്കില്‍ കടലിടുക്ക് വീണ്ടും അടയ്ക്കുമെന്നും ഇറാന് മുന്നറിയിപ്പ് നല്കി.
ഇറാന് സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുമെന്ന ട്രംപിന്റെ പ്രസ്താവനയും ഇറാന് വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും ആണവോര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കുമെന്നും വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി. ഹിസ്ബുല്ലയുടെ പോരാട്ടവീര്യമാണ് ഇസ്രയേല്‍-ലെബനന് വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്നും ഇറാന് കൂട്ടിച്ചേര്‍ത്തു.

അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ തിങ്കളാഴ്ച പാക്കിസ്ഥാനിലെ ഇസ്ലാമാബാദില് നടക്കും. ചര്‍ച്ചകള്‍ വിജയത്തിനടുത്താണെന്നും ഹോര്‍മുസ് കടലിടുക്ക് ഇനി അടയ്ക്കില്ലെന്ന് ഇറാന് ഉറപ്പുനല്‍കിയതായും ട്രംപ് അവകാശപ്പെട്ടു. എങ്കിലും ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത് വരെ ഇറാന് തുറമുഖങ്ങള്‍ക്കെതിരെയുള്ള സൈനിക ഉപരോധം തുടരുമെന്നാണ് അമേരിക്കയുടെ നിലപാട്.
