Tuesday, April 21, 2026

ഭക്ഷണസാധനങ്ങൾ എത്തിക്കാൻ വൻ ചെലവ്; വടക്കൻ കാനഡയിൽ ഇന്ധന പ്രതിസന്ധി

ഓട്ടവ: ഇന്ധനവിലയിലെ കുതിച്ചുചാട്ടം കാനഡയുടെ വടക്കൻ മേഖലകളിലെ ഭക്ഷ്യവിലയിൽ വലിയ വർധനവിന് കാരണമാകുന്നുവെന്ന് റിപ്പോർട്ട്. ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് വടക്കൻ പ്രദേശങ്ങളിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കാൻ വിമാനങ്ങളെയും കപ്പലുകളെയും അമിതമായി ആശ്രയിക്കേണ്ടി വരുന്നത് വലിയ ചെലവാകുന്നുവെന്നാണ് കണ്ടെത്തൽ. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ജെറ്റ് ഇന്ധന വില ഇരട്ടിയായതോടെ, വടക്കൻ മേഖലകളിലേക്കുള്ള വിമാന ചരക്ക് നീക്കത്തിന് വിമാനക്കമ്പനികൾ വൻതോതിൽ ഇന്ധന സർച്ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പാൽ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലയിൽ വലിയ വർദ്ധനവിന് വഴിയൊരുക്കി.

വടക്കൻ കാനഡയിൽ പ്രവർത്തിക്കുന്ന ‘നോർത്ത് വെസ്റ്റ് കോ’ പോലുള്ള വലിയ സ്റ്റോറുകൾക്ക് ചരക്ക് നീക്കത്തിനായി ഓരോ പൗണ്ടിനും 20 മുതൽ 50 സെന്റ് വരെ അധിക ഇന്ധന സർച്ചാർജ് നൽകേണ്ടി വരുന്നുണ്ട്. പാൽ, ബ്രെഡ് തുടങ്ങിയ അവശ്യവസ്തുക്കളുടെ വില വർദ്ധിക്കാതിരിക്കാൻ കമ്പനി പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, പാനീയങ്ങളും ലഘുഭക്ഷണങ്ങളും പോലുള്ള ഇതര സാധനങ്ങൾക്ക് ഇതിനകം വില വർദ്ധിച്ചു കഴിഞ്ഞു. ആഗോള ഇന്ധന വിപണിയിലെ ഈ അസ്ഥിരത വരും മാസങ്ങളിൽ കൂടുതൽ വിലവർദ്ധനവിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധരും കമ്പനി അധികൃതരും മുന്നറിയിപ്പ് നൽകി.

ചില സഹകരണ സംഘങ്ങൾക്ക് നിലവിൽ പഴയ കരാറുകൾ വഴി ആഘാതം കുറവാണെങ്കിലും, വരും മാസങ്ങളിൽ സ്ഥിതി ഗുരുതരമാകും. ബങ്കർ ഓയിൽ വിലയിലെ കുതിപ്പും പണപ്പെരുപ്പത്തിനൊപ്പം എത്താത്ത സർക്കാർ സബ്‌സിഡികളും വടക്കൻ മേഖലകളിലെ ജനങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!