ടൊറന്റോ: പ്രശസ്ത റാപ്പർ ഡ്രേക്കിന്റെ പുതിയ ആൽബമായ ‘ഐസ്മാൻ’ (Iceman) റിലീസിനോടനുബന്ധിച്ച് ടൊറന്റോ നഗരത്തിൽ സ്ഥാപിച്ച കൂറ്റൻ ഐസ് ശിൽപം കാണാൻ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. നിയന്ത്രണാതീതമായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഒടുവിൽ പൊലീസിനും അഗ്നിശമന സേനയ്ക്കും ഇടപെടേണ്ടി വന്നു.
ആറടി ഉയരമുള്ള ഐസ് ബ്ലോക്കിനുള്ളിൽ പുതിയ ആൽബത്തിന്റെ റിലീസ് തീയതി ഒളിപ്പിച്ചിട്ടുണ്ടെന്ന ഡ്രേക്കിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ആരാധകർ തടിച്ചുകൂടിയത്. തിങ്കളാഴ്ച രാത്രിയോടെ ഏകദേശം 800-ഓളം പേരാണ് ടൊറന്റോ ഡൗണ്ടൗണിലെ ഡണ്ടാസ്, ബോണ്ട് തെരുവുകളിൽ എത്തിയത്. ഐസ് ബ്ലോക്ക് പൊളിച്ച് റിലീസ് തീയതി കണ്ടെത്താനായി ടോർച്ചുകളും കോടാലികളുമായാണ് ആരാധകർ എത്തിയത്. ചിലർ ഐസ് ബ്ലോക്കിന് മുകളിൽ കയറി നിൽക്കുന്നതും കാണാമായിരുന്നു.

തിങ്കളാഴ്ച അർദ്ധരാത്രിയോടെ ജനക്കൂട്ടം വർദ്ധിക്കുകയും സുരക്ഷാ ഭീഷണി ഉണ്ടാവുകയും ചെയ്തതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. മൂന്ന് ഡിവിഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അഗ്നിശമന സേനയും ചേർന്നാണ് ജനങ്ങളെ നിയന്ത്രിച്ചത്. ആർക്കും പരുക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാവിലെയും ഐസ് ശിൽപം കാണാൻ ആരാധകർ എത്തുന്നുണ്ടെങ്കിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
നീണ്ട 924 ദിവസങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന ഡ്രേക്കിന്റെ സോളോ ആൽബത്തിനായി വലിയ ആവേശത്തിലാണ് ആരാധകർ. ഡ്രേക്കിന്റെ ഈ പ്രൊമോഷൻ തന്ത്രം “ബുദ്ധിപരമായ നീക്കമാണെന്ന്” ആരാധകർ അഭിപ്രായപ്പെടുന്നു. ഐസ് ഉരുകുന്നതോടെ റിലീസ് തീയതി പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
