മൺട്രിയോൾ: വസന്തകാലത്തെ പ്രളയത്തെത്തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മൺട്രിയോളിലെ L’Île-Bizard–Sainte-Geneviève ബറോയിലുള്ള ഇൽ മെർസിയർ ബ്രിഡ്‌ജ് അടച്ചു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണി മുതൽ വാഹന ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ കാൽനടയാത്രക്കാർക്ക് ബ്രിഡ്‌ജ് ഉപയോഗിക്കാവുന്നതാണ്. റിവിയർ ഡെസ് പ്രെയറീസ് (Rivière des Prairies) നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനാലാണ് നടപടിയെന്നും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നുംസിറ്റി വ്യക്തമാക്കി. പ്രദേശവാസികൾ ഈ വഴി ഒഴിവാക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

പാലത്തിന് പുറമെ മറ്റ് റോഡുകളിലും ഗതാഗത തടസ്സം നേരിടുന്നുണ്ട്. സെൻവിൽ റോഡിനും ടിംബർല ട്രയൽ സ്ട്രീറ്റിനും ഇടയിലുള്ള De l’Anse-à-l’Orme റോഡ് ഞായറാഴ്ച വൈകിട്ട് മുതൽ അടച്ചിട്ടിരിക്കുകയാണ്. വസന്തകാല പ്രളയത്തെ നേരിടാനുള്ള മൺട്രിയോളിന്റെ പ്രത്യേക കർമ്മപദ്ധതി പ്രകാരം സുരക്ഷാ സേനയും ജാഗ്രതയിലാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സിവിൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു.
പ്രളയസാധ്യതയുള്ള പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ ശ്രദ്ധിക്കാനും പ്രാദേശിക അലേർട്ട് സിസ്റ്റങ്ങളിൽ സബ്‌സ്‌ക്രൈബ് ചെയ്യാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മണൽ ചാക്കുകൾ ആവശ്യമുള്ളവർക്ക് അതത് ബറോ ഓഫീസുകളുമായോ 311 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
