ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഇറാന്‍. ചര്‍ച്ചകള്‍ക്കും നയതന്ത്രപരമായ ധാരണകള്‍ക്കും രാജ്യം ഇപ്പോഴും തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. എന്നാല്‍, അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധവും നിരന്തരമായ ഭീഷണികളും വാഗ്ദാനലംഘനങ്ങളുമാണ് സമാധാന ശ്രമങ്ങള്‍ക്ക് തടസ്സമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യം ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്നും പെസഷ്‌കിയാന്‍ പരിഹസിച്ചു.
അതേസമയം, തന്റെ അഭ്യര്‍ത്ഥന പ്രകാരം എട്ട് വനിതാ പ്രക്ഷോഭകരുടെ വധശിക്ഷ ഇറാന്‍ റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഇന്ന് നടപ്പാക്കേണ്ടിയിരുന്ന ശിക്ഷയാണ് ഒഴിവാക്കിയത്. ഇതില്‍ നാല് പേരെ ഉടന്‍ മോചിപ്പിക്കുമെന്നും ബാക്കിയുള്ളവര്‍ ഒരു മാസം കൂടി ജയിലില്‍ കഴിയേണ്ടി വരുമെന്നും ട്രംപ് അറിയിച്ചു. ഈ മാറിയ സാഹചര്യത്തില്‍ ഇറാന്‍-അമേരിക്ക രണ്ടാം ഘട്ട സമാധാന ചര്‍ച്ച വെള്ളിയാഴ്ച നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, വെടിനിര്‍ത്തല്‍ സമയപരിധി നീട്ടിയെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം തുടരുമെന്ന നിലപാടിലാണ് അമേരിക്ക. ഇത് ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫ് ആരോപിച്ചു. ഏത് തരത്തിലുള്ള ആക്രമണമുണ്ടായാലും തടയാന്‍ രാജ്യത്തിന്റെ സായുധ സേന സുസജ്ജമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് മുന്നറിയിപ്പ് നല്‍കി.
