ന്യൂഡൽഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്കും 2026 ഏപ്രിൽ 1 മുതൽ ‘ഇ-അറൈവൽ കാർഡ്’ (E-Arrival Card) നിർബന്ധം. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ‘സുസ്വാഗതം’ (Su-Swagatam) ആപ്പ് വഴിയോ ഈ ഫോം പൂരിപ്പിച്ച് ശേഷം ലഭിക്കുന്ന ക്യുആർ കോഡ് ഇമിഗ്രേഷൻ കൗണ്ടറിൽ ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു. അഞ്ചംഗങ്ങൾ വരെയുള്ള കുടുംബങ്ങൾക്ക് ഒരൊറ്റ ഫോം പൂരിപ്പിച്ചാൽ മതിയാകുമെന്നത് നടപടിക്രമങ്ങൾ എളുപ്പമാക്കുന്നുണ്ട്.
ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് വീസയില്ലാതെ ഇന്ത്യയിൽ പ്രവേശിക്കാനും താമസിക്കാനും അനുവദിക്കുന്ന പ്രത്യേക പദവിയാണ് OCI കാർഡ്. ആജീവനാന്ത മൾട്ടി-എൻട്രി വീസ, എൻ.ആർ.ഐകൾക്ക് തുല്യമായ സാമ്പത്തിക-വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, ആഭ്യന്തര വിമാന നിരക്കുകളിലെ ഇളവ്, വിവിധ പ്രൊഫഷണൽ മേഖലകളിൽ പ്രവർത്തിക്കാനുള്ള അനുമതി തുടങ്ങിയവ ഇതിലൂടെ ലഭിക്കുന്നു. കൂടാതെ, ദേശീയ സ്മാരകങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് തുല്യമായ നിരക്ക് മാത്രമേ ഇവർ നൽകേണ്ടതുള്ളൂ.

അതേസമയം, ചില പ്രത്യേക സാഹചര്യങ്ങളിൽ OCI കാർഡ് റദ്ദാക്കാൻ ഇന്ത്യൻ സർക്കാരിന് നിയമപരമായ അധികാരമുണ്ട്. വ്യാജ രേഖകൾ സമർപ്പിച്ച് കാർഡ് നേടിയാലോ, കാർഡ് ലഭിച്ച അഞ്ച് വർഷത്തിനുള്ളിൽ രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിച്ചാലോ രജിസ്ട്രേഷൻ റദ്ദാക്കാം. കൂടാതെ, ഇന്ത്യൻ ഭരണഘടനയെ അനാദരിക്കുക, ശത്രുരാജ്യങ്ങളുമായി നിയമവിരുദ്ധ ബന്ധം സ്ഥാപിക്കുക, ഇന്ത്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും വിദേശബന്ധങ്ങൾക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലും OCI പദവി എടുത്തുമാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
