Thursday, April 23, 2026

ഡഗ് ഫോർഡ് മാപ്പ് പറയണമെന്ന്‌ പ്രതിപക്ഷം; വിമർശിക്കുന്നവർ മറുപടിയും നേരിടണമെന്ന്‌ പ്രീമിയർ

ടൊറന്റോ: ഒന്റാരിയോ പ്രൊവിൻഷ്യൽ പാർലമെൻ്റിൽ ലിബറൽ പാർട്ടി അംഗം സ്റ്റെഫാനി സ്മിത്തിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയ പ്രീമിയർ ഡഗ് ഫോർഡ് മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രീമിയറുടെയും ക്യാബിനറ്റ് മന്ത്രിമാരുടെയും രേഖകൾ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെയുള്ള ചർച്ചയ്ക്കിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുൻപ് ദശാബ്ദങ്ങളോളം മാധ്യമപ്രവർത്തകയായിരുന്ന സ്റ്റെഫാനി സ്മിത്ത്, ഗവൺമെന്റ് അക്കൗണ്ടബിലിറ്റിയെക്കുറിച്ച് ഫോർഡിനോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഫോർഡ് വ്യക്തിപരമായ കടന്നാക്രമണം നടത്തിയത്. CP24 വാർത്താ ചാനലിന്‌ അവരെ ഇനി ആവശ്യമില്ലാത്തതുകൊണ്ടാണ് ഇപ്പോൾ ഇവിടെ വന്നിരിക്കുന്നത് എന്നായിരുന്നു ഫോർഡിന്റെ പരിഹാസം. സ്റ്റെഫാനി വെറുമൊരു ലിബറൽ/എൻ.ഡി.പി ഏജന്റായിട്ടാണ് ഇന്റർവ്യൂകൾ നടത്തിയിരുന്നതെന്നും ആർക്കും വേണ്ടാതാകുന്നത് വേദനയുള്ള കാര്യമാണെന്നും അദ്ദേഹം ആവർത്തിച്ചു.

ബഹളത്തെത്തുടർന്ന് സ്പീക്കർ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും, ഫോർഡിനോട് വാക്കുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടില്ല. ഇത്‌ മര്യാദയല്ലെന്നും പ്രീമിയർ തന്നോട് മാപ്പ് പറയണമെന്നും സ്റ്റെഫാനി സ്മിത്ത്, ആവശ്യപ്പെട്ടു. വ്യക്തിപരമായ അധിക്ഷേപങ്ങൾ അല്ല നടത്തേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. ലിബറൽ ഇടക്കാല നേതാവ് ജോൺ ഫ്രേസറും ഗ്രീൻ പാർട്ടി നേതാവ് മൈക്ക് ഷ്രൈനറും ഫോർഡിന്റെ പെരുമാറ്റത്തെ അപലപിച്ചു. ഒരു പ്രീമിയർ പദവിക്ക് നിരക്കാത്ത രീതിയിലുള്ള തരംതാഴ്ന്ന പരാമർശമാണിതെന്ന് മൈക്ക് ഷ്രൈനർ പറഞ്ഞു. തന്റെ പരാമർശത്തിൽ ഉറച്ചുനിന്ന ഫോർഡ്, “മറ്റുള്ളവരെ വിമർശിക്കാൻ ഇറങ്ങിത്തിരിക്കുന്നവർ തിരിച്ചു കിട്ടുന്ന പ്രഹരം ഏറ്റുവാങ്ങാനും തയ്യാറാകണം” എന്ന നിലപാടാണ് സ്വീകരിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!