ബമാകോ: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘടനകൾ നടത്തിയ വൻ ആക്രമണത്തിൽ പ്രതിരോധ മന്ത്രി സാഡിയോ കമാര കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ റേഡിയോ ഫ്രാൻസ് ഇന്റർനാഷണലാണ് ഈ വാർത്ത പുറത്തുവിട്ടത്.
തലസ്ഥാനമായ ബമാകോയ്ക്ക് പുറത്തുള്ള കാറ്റി സൈനിക താവളത്തിലെ മന്ത്രിയുടെ വസതിക്ക് നേരെയായിരുന്നു ആക്രമണം. ജെഎൻഐഎം (JNIM) എന്ന ഭീകരസംഘടനയാണ് ഇതിന് പിന്നിലെന്നാണ് സൂചന. ശനിയാഴ്ച ആരംഭിച്ച ആക്രമണങ്ങൾ ഞായറാഴ്ചയും തുടരുകയാണ്. അൽ-ഖ്വയ്ദ അനുബന്ധ സംഘടനകളും ടുവാരെഗ് വിമതരും ചേർന്നാണ് രാജ്യത്തെ വിവിധ സൈനിക താവളങ്ങളിലും സ്വർണ്ണ ഖനന മേഖലകളിലും വൻതോതിൽ ആക്രമണം നടത്തിയത്. വർഷങ്ങൾക്കിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ഏകോപിത ഭീകരാക്രമണമാണിത്.

മാലിയിലുണ്ടായ അക്രമ സംഭവങ്ങളിൽ യുഎൻ സെക്രട്ടറി ജനറൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് പ്രതികരിക്കണമെന്ന് യുഎൻ വക്താവ് ആവശ്യപ്പെട്ടു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ കൃത്യമായ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രധാന നഗരമായ കിഡാൽ വിമതർ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. സൈനിക ഭരണകൂടത്തിന് കീഴിലുള്ള മാലി സർക്കാരിന് വലിയ വെല്ലുവിളിയാണ് ഈ നീക്കം ഉയർത്തുന്നത്. നിലവിൽ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്.
