വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും എഫ്.ബി.ഐ ഡയറക്ടറുമായ കാഷ് പട്ടേലിന്റെ പദവി തുലാസിലായതായി സൂചന. അദ്ദേഹത്തിന്റെ യൗവനകാലത്തെ രണ്ട് അറസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങളുമാണ് പട്ടേലിനെ വീണ്ടും പ്രതിസന്ധിയിലാക്കിയത്. 2005-ൽ മിയാമി-ഡേഡ് പബ്ലിക് ഡിഫൻഡർ ഓഫീസിലെ ഉദ്യോഗസ്ഥനായിരിക്കെ കാഷ് പട്ടേൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രണ്ട് തവണ താൻ പോലീസിന്റെ പിടിയിലായിട്ടുണ്ടെന്ന് പട്ടേൽ ഇതിൽ സമ്മതിക്കുന്നുണ്ട്. 2001-ൽ റിച്ച്മണ്ട് സർവകലാശാലയിൽ പഠിക്കുന്ന കാലത്ത് ഒരു ബാസ്കറ്റ്ബോൾ മത്സരത്തിനിടെ മോശം പെരുമാറ്റത്തിൻ്റെ പേരിൽ പട്ടേലിനെ മൈതാനത്ത് നിന്ന് പുറത്താക്കിയിരുന്നു. അന്ന് 21 വയസ് തികയാത്ത പട്ടേൽ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പരസ്യമദ്യപാനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്കിൽ നിയമ വിദ്യാർത്ഥിയായിരിക്കെ, മദ്യപിച്ച് മടങ്ങുന്നതിനിടെ പൊതുസ്ഥലത്ത് മൂത്രമൊഴിക്കാൻ ശ്രമിച്ചതിന് പട്ടേലിനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പഴയകാല വിവാദങ്ങൾക്ക് പുറമെ, കാഷ് പട്ടേലിന്റെ ഇപ്പോഴത്തെ ജീവിതരീതിയെക്കുറിച്ചും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. പട്ടേൽ അമിതമായി മദ്യപിക്കാറുണ്ടെന്നും ജോലിക്കിടയിൽ പലപ്പോഴും അകാരണമായി അപ്രത്യക്ഷനാകാറുണ്ടെന്നും ‘ദ അറ്റ്ലാന്റിക്’ മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച പട്ടേൽ, മാഗസിനെതിരെ 250 ദശലക്ഷം ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. അതേ സമയം ഇതിന് പിന്നാലെയും പുതിയ ആരോപണങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഇറ്റലിയിൽ നടന്ന ശീതകാല ഒളിമ്പിക്സ് ഹോക്കി മത്സരം കാണാൻ എഫ്.ബി.ഐ വിമാനത്തിൽ യാത്ര ചെയ്തതും
തന്റെ കാമുകിയെ കാണാൻ നാഷ് വിൽ നഗരത്തിലേക്കും സുഹൃത്തുക്കളോടൊപ്പം ഗോൾഫ് കളിക്കാനും സർക്കാർ ചെലവിൽ യാത്രകൾ നടത്തിയതായും ഡെമോക്രാറ്റിക് പാർട്ടി ആരോപിക്കുന്നു.
2026 നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന്റെ മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ ഇതിനകം വന്നു കഴിഞ്ഞു. അറ്റോർണി ജനറലായ പാം ബോണ്ടി ഏപ്രിലിൽ രാജിവെച്ചതും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിനെ സ്ഥാനത്തുനിന്ന് മാറ്റിയതും ലേബർ സെക്രട്ടറി ലോറി ഷാവേസ്-ഡെറെമർ പെരുമാറ്റദൂഷ്യത്തെ തുടർന്ന് രാജിവെച്ചതും ഈയിടെയാണ്. വൈറ്റ് ഹൗസിൽ നിന്നുള്ള പിന്തുണ കുറയുന്നത് പട്ടേലിന്റെ പദവിക്ക് ഭീഷണിയായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
