ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ (എഎപി) രൂപപ്പെട്ട കടുത്ത ആഭ്യന്തര പ്രതിസന്ധി പരിഹരിക്കുന്നതിനായി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ നേരിട്ട് രംഗത്തിറങ്ങുന്നു. പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ പരിഹരിക്കാനും പിളര്‍പ്പ് ഒഴിവാക്കാനുമായി ഡല്‍ഹിയിലെയും പഞ്ചാബിലെയും എംഎല്‍എമാരുടെ നിര്‍ണായക യോഗം അദ്ദേഹം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ഈ കൂടിക്കാഴ്ചയില്‍ വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളും പാര്‍ട്ടിയിലെ ഐക്യവും ചര്‍ച്ചയാകും. അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എംഎല്‍എമാരുമായി ചേര്‍ന്ന് രാഷ്ട്രപതിയെ കാണാന്‍ അനുമതി തേടിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്.
പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്ന രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയിലേക്ക് ചേക്കേറിയത് ആം ആദ്മി പാര്‍ട്ടിയെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാഘവ് ഛദ്ദയെ കൂടാതെ ഹര്‍ഭജന്‍ സിംഗ്, സ്വാതി മലിവാള്‍ തുടങ്ങിയ പ്രമുഖരും പാര്‍ട്ടി വിട്ടവരില്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടി വിട്ട ഇവരെ ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിംഗ് എംപി രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണന് കത്ത് നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കെജ്രിവാളിന്റെ നീക്കങ്ങളെ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ ലോകം കാണുന്നത്.

പാര്‍ട്ടി വിട്ട നേതാക്കള്‍ക്കെതിരെ എഎപി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ സുരക്ഷാ കാര്യങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹര്‍ഭജന്‍ സിംഗിനെതിരെ പ്രതിഷേധം കനത്തതോടെ അദ്ദേഹത്തിന്റെ സുരക്ഷാ പരിധി കേന്ദ്രസര്‍ക്കാര്‍ ‘Z പ്ലസ്’ ആയി ഉയര്‍ത്തി. പഞ്ചാബ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സുരക്ഷ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നടപടി. പാര്‍ട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്ക് തടയാനും എംഎല്‍എമാരുടെ വിശ്വാസം ആര്‍ജ്ജിക്കാനും കെജ്രിവാളിന് സാധിച്ചില്ലെങ്കില്‍ ആം ആദ്മി പാര്‍ട്ടി വലിയൊരു തകര്‍ച്ചയെയാകും നേരിടുക.
