Wednesday, April 29, 2026

യുഎസിന്റെ ഭീഷണി ഇറാന്റെയടുത്ത് വിലപ്പോകില്ല: റഷ്യ

മോസ്‌കോ: യുഎസ്-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കയുടെ ഭീഷണികളും ബ്ലാക്ക്മെയിലിംഗും ഇറാന്റെ അടുത്ത് വിജയിക്കില്ലെന്ന് റഷ്യന്‍ പ്രതിനിധി മിഖായില്‍ ഉല്യാനോവ്. വിയന്നയിലെ അന്താരാഷ്ട്ര സംഘടനകളിലെ റഷ്യന്‍ പ്രതിനിധിയായ അദ്ദേഹം, സൈന്യത്തെയും സാമ്പത്തിക ഉപരോധത്തെയും ആയുധമാക്കി ഭീഷണിപ്പെടുത്തുന്ന അമേരിക്കന്‍ ശൈലി ഇറാന് മുന്നില്‍ വിലപ്പോകില്ലെന്ന് എക്‌സിലൂടെ (ട്വിറ്റര്‍) വ്യക്തമാക്കി. മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിന് പകരം കരുത്തരാണെന്ന ബോധ്യത്തോടെയുള്ള യുഎസിന്റെ സമീപനം ചര്‍ച്ചകളെ തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇതിനിടെ,പാക്കിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ന് റഷ്യയിലെത്തി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാന്‍ പുതിയ ചില ഉപാധികള്‍ മുന്നോട്ടുവെച്ചതായാണ് സൂചനകള്‍. ലോകവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ചര്‍ച്ച ചെയ്യാം എന്ന നിലപാടിലാണ് ഇറാന്‍. എന്നാല്‍ ഇതിന് പകരമായി ഏപ്രില്‍ 13 മുതല്‍ മേഖലയില്‍ യുഎസ് തുടരുന്ന നാവിക ഉപരോധം പിന്‍വലിക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. ഹോര്‍മുസിന്റെ പരമാധികാരം സംരക്ഷിച്ചുകൊണ്ട് തന്നെ മേഖലയില്‍ ഏകോപനം ഉണ്ടാക്കാമെന്നാണ് ഇറാന്‍ കരുതുന്നത്.

അതേസമയം, ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക ഉടന്‍ വിജയിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയുകയാണ് പ്രധാനമെന്നും, ഇതില്‍ പരാജയപ്പെട്ടാല്‍ പിന്നെ ചര്‍ച്ചകളില്‍ കാര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ വലിയ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും, താല്പര്യമുണ്ടെങ്കില്‍ ചര്‍ച്ചകള്‍ക്കായി തങ്ങളെ ഫോണിലൂടെ ബന്ധപ്പെടാമെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു. എന്നാല്‍, ഹോര്‍മുസ് കടലിടുക്കിലെ നിലപാടില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ അലി നിക്‌സാദ് വ്യക്തമാക്കിയത് സംഘര്‍ഷം തുടരുമെന്ന സൂചനയാണ് നല്‍കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!