ടൊറൻ്റോ: കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹൈവേ 48-ൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ മൂന്ന് കുട്ടികളുടെ പിതാവായ ആൻഡ്രൂ ക്രിസ്റ്റിലോ കൊല്ലപ്പെട്ട കേസിൽ പ്രതി ജെയ്‌വൻ കിരുബാനന്ദൻ കുറ്റസമ്മതം നടത്തി. തിങ്കളാഴ്ച ന്യൂമാർക്കറ്റ് കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതി കുറ്റം ഏറ്റുപറഞ്ഞത്. 2025 ഓഗസ്റ്റ് 3-ന് രാത്രി 9:20-ഓടെയായിരുന്നു അപകടം. ജെയ്‌വൻ ഓടിച്ചിരുന്ന വാഹനം തെറ്റായ ദിശയിൽ വരികയും ആൻഡ്രൂ ക്രിസ്റ്റിലോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത നിശ്ചയിച്ചിട്ടുള്ള റോഡിൽ 136 കിലോമീറ്റർ വേഗതയിലാണ് ജെയ്‌വൻ ണ്ടിയോടിച്ചിരുന്നത്.
അപകടത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഒമ്പത് മണിക്കൂറുകൾക്ക് ശേഷം ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് സമീപത്തെ കൃഷിയിടത്തിൽ നിന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട ആൻഡ്രൂവിന്റെ ഭാര്യ ക്രിസ്റ്റീന വർഷങ്ങളായി സ്തനാർബുദത്തോട് പോരാടുന്ന വ്യക്തിയാണ്. അപകടത്തിൽ ക്രിസ്റ്റീനയ്ക്കും അവരുടെ എട്ട് വയസ്സിൽ താഴെയുള്ള മൂന്ന് പെൺകുട്ടികൾക്കും ഗുരുതരമായ പരിക്കുകൾ പറ്റിയിരുന്നു. ഈ കുട്ടികളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന പരിക്കുകളാണ് ഉണ്ടായതെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഈ സംഭവത്തെത്തുടർന്ന് അപകടകരമായ ഡ്രൈവിംഗിനെതിരെയുള്ള നിയമങ്ങൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് ആൻഡ്രൂവിന്റെ കുടുംബം വലിയൊരു ക്യാമ്പയിൻ ആരംഭിച്ചിരുന്നു. 43,000-ത്തിലധികം പേർ ഒപ്പിട്ട നിവേദനത്തെത്തുടർന്ന് പ്രീമിയർ ഡഗ് ഫോർഡ് ‘ആൻഡ്രൂസ് ലോ’ എന്ന പേരിൽ പുതിയ നിയമനിർമ്മാണം കൊണ്ടുവന്നു. അപകടകരമായ ഡ്രൈവിംഗിലൂടെ ഒരാളുടെ മരണത്തിന് കാരണമാകുന്നവർക്ക് ആജീവനാന്ത ഡ്രൈവിംഗ് വിലക്ക്, അപകടകരമായ രീതിയിൽ വണ്ടിയോടിക്കുന്നവരുടെ ലൈസൻസ് ഉടൻ തന്നെ 90 ദിവസത്തേക്ക് റദ്ദാക്കാൻ പൊലീസിന് അധികാരം നൽകുകയും ചെയ്യുന്ന വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. പ്രതിയായ ജെയ്‌വൻ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2025 ജനുവരിയിൽ പ്രീമിയർ ഡഗ് ഫോർഡ് സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിൽ ഇയാളുടെ കാർ ഇടിച്ചിരുന്നു. അന്നും അപകടകരമായ ഡ്രൈവിംഗിന് ഇയാൾക്കെതിരെ കേസെടു ത്തിരുന്നു.”പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക മാത്രമല്ല, മറ്റൊരു കുടുംബത്തിനും ഇത്തരമൊരു ഗതി ഉണ്ടാകാതിരിക്കാൻ നിയമങ്ങൾ കർശനമാക്കു കയുമാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് ആൻഡ്രൂവിന്റെ സഹോദരൻ ജോർദാൻ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ കണ്ടുനിന്നവർ ഏറെ വികാരാധീനരായി.
