Monday, April 27, 2026

”24 സസെക്സ്’ രാജ്യത്തിന് നാണക്കേട്; വസതിയുടെ കാര്യത്തിൽ തീരുമാനം ഉടൻ: മാർക്ക് കാർണി

ഓട്ടവ: കനേഡിയൻ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ 24 സസെക്സ് ഡ്രൈവിന്റെ നിലവിലെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണെന്നും ഇത് രാജ്യത്തിന് നാണക്കേടാണെന്നും പ്രധാനമന്ത്രി മാർക്ക് കാർണി. സിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അതൃപ്തി വ്യക്തമാക്കിയത്. താൻ 24 സസെക്സിൽ താമസിക്കില്ലായിരിക്കാം, എന്നാൽ തന്റെ പിൻഗാമികൾ ഏതെങ്കിലും രീതിയിൽ അവിടെ താമസിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതായും കാർണി പറഞ്ഞു. തനിക്ക് ലഭിച്ചതിനേക്കാൾ മികച്ച രീതിയിൽ കാര്യങ്ങൾ കൈമാറേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1951 മുതൽ കാനഡയുടെ ഭരണാധികാരികൾ താമസിച്ചിരുന്ന ഈ പത്തൊൻപതാം നൂറ്റാണ്ടിലെ കൊട്ടാരസദൃശമായ വീട് 2015 മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. ഗുരുതരമായ പൂപ്പൽ, എലിശല്യം എന്നിവ കാരണം 2022-ൽ ഇത് താമസയോഗ്യമല്ലെന്ന് കണ്ട് ഔദ്യോഗികമായി അടച്ചുപൂട്ടി. ഇത് നവീകരിക്കാനോ അല്ലെങ്കിൽ പുതിയ മന്ദിരം പണിയാനോ 100 മില്യൺ ഡോളർ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത്രയും വലിയ തുക പൊതുഫണ്ടിൽ നിന്ന് ചിലവാക്കുന്നതിലെ വിവാദങ്ങൾ ഭയന്നാണ്‌ മുൻപ്രധാനമന്ത്രിമാർ നവീകരണത്തിൽ നിന്നും പിന്നോട്ട്‌ പോായത്‌.

മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെപ്പോലെ നിലവിലെ പ്രധാനമന്ത്രി മാർക്ക് കാർണിയും റിഡൗ കോട്ടേജിലാണ് (Rideau Cottage) താമസിക്കുന്നത്. എന്നാൽ ഈ വസതി പ്രധാനമന്ത്രിയെപ്പോലൊരു വ്യക്തിക്ക് താമസിക്കാൻ അപര്യാപ്തമാണെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും സർക്കാർ രേഖകൾ സൂചിപ്പിക്കുന്നു. വിദേശ നേതാക്കളെയും മറ്റും സ്വീകരിക്കാൻ ഉതകുന്ന ഒരു ഔദ്യോഗിക മന്ദിരം അത്യന്താപേക്ഷിതമാണെന്ന് കാർണി ചൂണ്ടിക്കാട്ടി. 24 സസെക്സിന്റെ കാര്യത്തിൽ ഉടൻ തന്നെ ഒരു തീരുമാനമുണ്ടാകുമെന്നാണ് സൂചന. വസതിയുടെ കാര്യത്തിൽ എന്തുവേണമെന്ന്‌ തീരുമാനിക്കാൻ ജസ്റ്റിൻ ട്രൂഡോ തന്റെ അവസാന നാളുകളിൽ ഒരു ഉപദേശക സമിതി രൂപീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് 2026 ജനുവരിയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!