Wednesday, April 29, 2026

ആദ്യം ഹോര്‍മുസ് തുറക്കണമെന്ന് ഇറാന്‍; സമ്മര്‍ദങ്ങളിലൂടെ കരാറിലേക്ക് കൊണ്ടുവരാന്‍ ട്രംപ്

വാഷിങ്ടണ്‍: ഇറാനെ പരമാവധി സമ്മര്‍ദ്ദത്തിലാക്കി പുതിയ കരാറിലെത്തിക്കാനുള്ള നീക്കങ്ങളുമായി ട്രംപ് ഭരണകൂടം മുന്നോട്ട്. ഇതിന്റെ ഭാഗമായി 35 ഇറാന്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മേല്‍ അമേരിക്ക പുതുതായി ഉപരോധം ഏര്‍പ്പെടുത്തി. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിയ അമേരിക്ക, ഇറാനുമായി ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പും നല്‍കി. ഇറാന്‍ നിലവില്‍ സാമ്പത്തിക തകര്‍ച്ചയിലാണെന്നും ഹോര്‍മുസ് ഉടന്‍ തുറക്കണമെന്ന് അവര്‍ അമേരിക്കയോട് ആവശ്യപ്പെട്ടതായും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കം ആഗോള എണ്ണവിപണിയെ വീണ്ടും പ്രതിസന്ധിയിലാക്കി. മൂന്നാഴ്ചയ്ക്കിടെ ആദ്യമായി എണ്ണവില ബാരലിന് 110 ഡോളര്‍ കടന്നു. ഹോര്‍മുസില്‍ ഉപരോധം തുടരുന്ന യുഎസ് നാവികസേന ഇറാന്റെ ഒരു എണ്ണക്കപ്പല്‍ കൂടി തടഞ്ഞതാണ് വിപണിയിലെ ആശങ്ക വര്‍ധിപ്പിച്ചത്. വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും സംഘര്‍ഷം അയവില്ലാതെ തുടരുന്നത് വിലക്കയറ്റത്തിന് കാരണമാകുന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍ 65 ഡോളറായിരുന്ന എണ്ണവില സംഘര്‍ഷം രൂക്ഷമായതോടെ 115 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

പ്രതിസന്ധി പരിഹരിക്കാന്‍ പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇറാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ അമേരിക്കയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് വാണിജ്യാവശ്യങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ സന്നദ്ധമാണെന്നും എന്നാല്‍ അതിനുമുമ്പ് യുഎസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്നുമാണ് ഇറാന്റെ ആവശ്യം. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പിന്നീട് നടത്താമെന്നും ഇറാന്‍ അറിയിച്ചു. എന്നാല്‍ ആണവ വിഷയത്തില്‍ വ്യക്തതയില്ലാത്ത നിര്‍ദ്ദേശങ്ങളില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ട്രംപ് ചര്‍ച്ചകള്‍ തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!