വാഷിങ്ടണ്‍: അമേരിക്കന്‍ കറന്‍സികളില്‍ സ്വന്തം ഒപ്പ് രേഖപ്പെടുത്തിയതിനും സ്വര്‍ണ്ണ നാണയങ്ങള്‍ പുറത്തിറക്കിയതിനും പിന്നാലെ, പുതിയ പരിമിതകാല പാസ്പോര്‍ട്ടുകളിലും ഇടംപിടിക്കാനൊരുങ്ങി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ട്രംപിന്റെ ചിത്രം ഉള്‍പ്പെടുത്തിയ സ്‌പെഷ്യല്‍ എഡിഷന്‍ പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു. പാസ്പോര്‍ട്ടിന്റെ ഉള്‍പ്പക്കത്തില്‍ 1776-ലെ ചരിത്രപ്രധാനമായ സ്വാതന്ത്ര്യ പ്രഖ്യാപന ചിത്രത്തിന് അഭിമുഖമായിട്ടായിരിക്കും ട്രംപിന്റെ ഛായാചിത്രം പതിയുക.
അമേരിക്കന്‍ പാസ്പോര്‍ട്ടിന്റെ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താതെ തന്നെ, അത്യാധുനികമായ കലാസൃഷ്ടികളും മെച്ചപ്പെടുത്തിയ ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പ് തയ്യാറാക്കുന്നത്. ഈ സ്‌പെഷ്യല്‍ എഡിഷന്‍ പാസ്പോര്‍ട്ടുകള്‍ക്ക് പൗരന്മാരില്‍ നിന്ന് അധിക ഫീസ് ഈടാക്കില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. എന്നാല്‍, ഈ പ്രത്യേക പതിപ്പ് വേണ്ടെന്ന് വെക്കാന്‍ പൗരന്മാര്‍ക്ക് അവസരമുണ്ടാകുമോ എന്ന കാര്യത്തില്‍ ഭരണകൂടം ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല.

അധികാരത്തിലിരിക്കെ തന്നെ ഗവണ്‍മെന്റ് സംവിധാനങ്ങളെ സ്വന്തം പേരുമായി ബ്രാന്‍ഡ് ചെയ്യാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. യുഎസ് ട്രഷറി പുറത്തിറക്കുന്ന പുതിയ കറന്‍സികളില്‍ ട്രംപിന്റെ ഒപ്പ് ഉള്‍പ്പെടുത്തുന്നതും യുഎസ് മിന്റ് സ്വര്‍ണ്ണ നാണയങ്ങള്‍ പുറത്തിറക്കുന്നതും ഇതിന്റെ ഭാഗമാണ്. ഫെഡറല്‍ പ്രോഗ്രാമുകള്‍ മുതല്‍ നാവിക ആസ്തികള്‍ വരെ നീളുന്ന ഔദ്യോഗിക പദ്ധതികളില്‍ പ്രസിഡന്റിന്റെ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ വിപുലമായ ശ്രമമായാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
