ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ വധശ്രമത്തെ ശക്തമായി അപലപിച്ച് ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സ്ഥാപനങ്ങളെ താറുമാറാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം അക്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായ വിയോജിപ്പുകള്‍ ഉണ്ടായേക്കാമെങ്കിലും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും ജനങ്ങളെ സംരക്ഷിക്കുന്നതിനും ഇരുരാജ്യങ്ങളും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള അനിശ്ചിതത്വങ്ങളും സുരക്ഷാ ആശങ്കകളും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ചാള്‍സ് രാജാവിന്റെ ചരിത്രപ്രധാനമായ ഈ പ്രസംഗം. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷിക വേളയില്‍ തന്നെ സന്ദര്‍ശനത്തിന് അവസരം നല്‍കിയതിന് അദ്ദേഹം അമേരിക്കന്‍ ജനതയോട് നന്ദി പറഞ്ഞു. ചരിത്രപരമായ വിയോജിപ്പുകളില്‍ നിന്ന് ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ സഖ്യങ്ങളിലൊന്നായി ബ്രിട്ടനും അമേരിക്കയും മാറിയതിനെ അദ്ദേഹം അനുസ്മരിച്ചു. യുഎസ് കോണ്‍ഗ്രസിനെ ‘ജനാധിപത്യത്തിന്റെ കോട്ട’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

തന്റെ മാതാവ് എലിസബത്ത് രാജ്ഞി 1991-ല്‍ കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തെയും ചാള്‍സ് മൂന്നാമന്‍ അനുസ്മരിച്ചു. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ചാള്‍സ് രാജാവിനും കാമില രാജ്ഞിക്കും വൈറ്റ് ഹൗസില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ചേര്‍ന്ന് പൂര്‍ണ്ണമായ ഔദ്യോഗിക ചടങ്ങുകളോടെയാണ് അവരെ സ്വീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും നയതന്ത്രപരവുമായ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതായിരുന്നു സന്ദര്‍ശനവും പ്രസംഗവും.
