ബീജിങ്: സമുദ്ര പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി തങ്ങളുടെ ആദ്യത്തെ ‘ഹാംഗോർ ക്ലാസ്’ (Hangor-class) അന്തർവാഹിനി ഔദ്യോഗികമായി കമ്മീഷൻ ചെയ്ത് പാക്കിസ്ഥാൻ നാവികസേന. ചൈനയുമായുള്ള ദീർഘകാല പ്രതിരോധ കരാറിന്റെ ഭാഗമായി നിർമ്മിച്ച എട്ട് അന്തർവാഹിനികളിൽ ആദ്യത്തേതാണിത്. ചൈനീസ് തുറമുഖ നഗരമായ സാന്യയിൽ നടന്ന ചടങ്ങിൽ പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി മുഖ്യാതിഥിയായി പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ സൗഹൃദത്തിന്റെ പുതിയ അധ്യായമാണിതെന്ന് കമ്മീഷനിങ് ചടങ്ങിൽ സർദാരി വിശേഷിപ്പിച്ചു.
ചൈനീസ് രൂപകൽപ്പനയായ ടൈപ്പ് 039A-യെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ അന്തർവാഹിനികൾ അത്യാധുനിക ആയുധശേഖരത്താൽ സമ്പന്നമാണ്. ടോർപ്പിഡോകളും കപ്പൽവേധ മിസൈലുകളും വഹിക്കാൻ ശേഷിയുള്ള ഇവയിൽ വായുവിൽ നിന്ന് സ്വതന്ത്രമായ പ്രൊപ്പൽഷൻ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് അന്തർവാഹിനികൾക്ക് കൂടുതൽ സമയം വെള്ളത്തിനടിയിൽ സ്റ്റെൽത്ത് മോഡിൽ തുടരാൻ സഹായകരമാകും. അറേബ്യൻ കടലിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും സുപ്രധാന കപ്പൽ പാതകളുടെ സുരക്ഷ ഉറപ്പാക്കാൻ ഹാംഗോർ ക്ലാസ് അന്തർവാഹിനികൾക്ക് കഴിയുമെന്ന് പാക്ക് നാവികസേനാ മേധാവി അഡ്മിറൽ നവീദ് അഷ്‌റഫ് പറഞ്ഞു.

1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യൻ യുദ്ധക്കപ്പലായ ഐ.എൻ.എസ് ഖുക്രിയെ തകർത്ത പാക്ക് അന്തർവാഹിനിയുടെ ഓർമ്മ പുതുക്കാനാണ് പുതിയ ശ്രേണിക്ക് ‘ഹാംഗോർ’ എന്ന് പേരിട്ടിരിക്കുന്നത്. കരാറനുസരിച്ച് ബാക്കിയുള്ള ഏഴ് അന്തർവാഹിനികളിൽ നാലെണ്ണം പാക്കിസ്ഥാനിലെ കറാച്ചിയിൽ വെച്ചാകും നിർമ്മിക്കുക. മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ തങ്ങളുടെ പരമാധികാരവും സാമ്പത്തിക താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ഈ പുതിയ നാവികശക്തി പാക്കിസ്ഥാനെ പ്രാപ്തമാക്കുമെന്നാണ് സൈനിക വൃത്തങ്ങൾ വിലയിരുത്തുന്നത്.
