ടൊറന്റോ: ടൊറന്റോ സിറ്റി രാഷ്ട്രീയത്തിലെ പ്രമുഖ സാന്നിധ്യമായ ഗോർഡ് പെർക്സ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു. വരാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. 2006 മുതൽ പാർക്ക്‌ഡേൽ-ഹൈ പാർക്ക് വാർഡിനെ പ്രതിനിധീകരിക്കുന്ന പെർക്സ്, രണ്ട് പതിറ്റാണ്ടോളമായി സിറ്റി കൗൺസിലിലെ കരുത്തുറ്റ രാഷ്‌ട്രീയ സാന്നിധ്യമാണ്. പ്രവിശ്യാ സർക്കാർ കൊണ്ടുവന്ന നിയപരിഷ്‌കാരങ്ങളോടുള്ള വിയോജിപ്പാണ് തൻ്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. വാർഡുകളുടെ വലിപ്പം ഇരട്ടിയാക്കിയതും, സ്ട്രോങ്ങ് മേയർ സംവിധാനം നടപ്പിലാക്കിയതും കൗൺസിലർമാരുടെ അധികാരത്തെയും ജനങ്ങളുമായുള്ള ബന്ധത്തെയും ബാധിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തനിക്ക് കുറച്ചുകാലം വെറും ഞാൻ ആയി മാത്രം ജീവിക്കണമെന്നും അധികാരത്തിന്റെ ആനുകൂല്യങ്ങളോ കൗൺസിലർ എന്ന് വിളിക്കപ്പെടുന്നതോ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും പെർക്സ് പറഞ്ഞു. വാർഡുകളുടെ വലിപ്പം കൂടിയതോടെ ജനങ്ങൾക്ക് നൽകുന്ന ശ്രദ്ധ പകുതിയായി കുറഞ്ഞുവെന്നും ഇത് തന്റെ ജോലിയിലെ സംതൃപ്തി ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൊറന്റോ സിറ്റി കൗൺസിലിലെ പ്രോഗസീവ് വിംങിൻ്റെ നേതാവായിരുന്ന പെർക്സ്, കുറഞ്ഞ ചിലവിലുള്ള പാർപ്പിട സൗകര്യങ്ങൾക്കും പൊതുഗതാഗതത്തിനും വേണ്ടി ശക്തമായി വാദിച്ചിരുന്നു. മുൻ മേയർമാരായ റോബ് ഫോർഡ്, ജോൺ ടോറി എന്നിവരുടെ ചെലവ് ചുരുക്കൽ നയങ്ങൾക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. ഒക്ടോബർ 26-നാണ് ടൊറന്റോയിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പെർക്സിന്റെ പിന്മാറ്റത്തോടെ പാർക്ക്‌ഡേൽ-ഹൈ പാർക്ക് മണ്ഡലത്തിൽ ശക്തമായ മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് 1 മുതൽ സ്ഥാനാർത്ഥിത്വത്തിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാം.
