വാഷിങ്ടണ്‍: ഇറാനെതിരെ വീണ്ടും യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കാമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു പുതിയ ധാരണയിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അവിടെ കൃത്യമായ തീരുമാനമെടുക്കാന്‍ ആര്‍ക്കാണ് അധികാരം എന്ന കാര്യത്തില്‍ ഇറാനിലെ ഭരണനേതൃത്വത്തിനിടയില്‍ ആശയക്കുഴപ്പമുണ്ടെന്ന് ട്രംപ് പരിഹസിച്ചു. ഇറാനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം അത്യന്തം ഫലപ്രദമാണെന്നും ഇതുമൂലം ഇറാന്റെ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനുമായി ബന്ധപ്പെട്ട തന്റെ സൈനിക അധികാരങ്ങള്‍ പരിമിതപ്പെടുത്താന്‍ യുഎസ് കോണ്‍ഗ്രസ് ശ്രമിക്കുന്നതിനെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. ഇറാനുമായി ഒരു കരാര്‍ ഉണ്ടാക്കാനാണ് താന്‍ ശ്രമിക്കുന്നത്, എന്നാല്‍ ഓരോ മൂന്നു ദിവസം കൂടുമ്പോഴും യുദ്ധം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് തന്നെ ഓര്‍മ്മിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇറാന്‍ ശക്തമായി തിരിച്ചടിച്ചു. അമേരിക്കയുടെ നാവിക ഉപരോധം ഒരു സൈനിക നടപടിക്ക് തുല്യമാണെന്നും ഇത് തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. ഇറാന്റെ സംയമനം ലോകം കണ്ടതാണെന്നും ഇനി ക്ഷമിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ മിസൈല്‍-ആണവ പദ്ധതികളുടെ കാര്യത്തില്‍ അമേരിക്കയുടെ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ സുരക്ഷാ സംവിധാനങ്ങള്‍ തുടരുമെന്നും ഖമനയി വ്യക്തമാക്കി. ഇരുരാജ്യങ്ങളും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യത്തില്‍ പശ്ചിമേഷ്യയില്‍ യുദ്ധഭീതി വീണ്ടും ശക്തമാവുകയാണ്.
