ഓട്ടവ: പ്രമേഹ ചികിത്സയ്ക്കും അമിതഭാരം കുറയ്ക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്ന ‘ഓസെംപിക്’ മരുന്നിന്റെ രണ്ടാമത്തെ ജെനറിക് പതിപ്പിന് അംഗീകാരം നൽകി ഹെൽത്ത് കാനഡ. കനേഡിയൻ മരുന്ന് കമ്പനിയായ ‘അപ്പോട്ടെക്സ്’ ആണ് ഈ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. നോവോ നോർഡിസ്കിന്റെ ഓസെംപിക്കിലെ പ്രധാന ഘടകമായ സെമാഗ്ലൂട്ടൈഡിന്റെ ആദ്യ ജെനറിക് പതിപ്പിന് ഇന്ത്യൻ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് അനുമതി നൽകി മൂന്ന് ദിവസത്തിന് ശേഷമാണ് ഈ പുതിയ പ്രഖ്യാപനം. ഇതോടെ സെമാഗ്ലൂട്ടൈഡിന്റെ ജെനറിക് പതിപ്പിന് അനുമതി നൽകുന്ന ആദ്യ ജി-7 രാജ്യമായി കാനഡ മാറി.
ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള മരുന്ന് കമ്പനിയാണ് അപ്പോട്ടെക്സ്. ബ്രാൻഡ് മരുന്നായ ഓസെംപിക്ക് നിലവിൽ മാസം തോറും നൂറുകണക്കിന് ഡോളറാണ് ചെലവ് വരുന്നത്. അതിനാൽ തന്നെ മരുന്ന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത സാധാരണക്കാർക്ക് ഈ ജെനറിക് മരുന്നുകളുടെ വരവ് വലിയ ആശ്വാസമാകും. മുതിർന്നവരിലെ ടൈപ്പ്-2 പ്രമേഹ ചികിത്സയ്ക്കാണ് ഈ കുത്തിവെപ്പ് മരുന്നിന് അംഗീകാരമെങ്കിലും, പലപ്പോഴും ഡോക്ടർമാർ ഇത് ശരീരഭാരം കുറയ്ക്കാനുള്ള മരുന്നായും നിർദ്ദേശിക്കാറുണ്ട്.

കൂടുതൽ ജെനറിക് പതിപ്പുകൾ വിപണിയിലെത്തുന്നതോടെ മരുന്നിന്റെ വില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാൻ-കനേഡിയൻ ഫാർമസ്യൂട്ടിക്കൽ അലയൻസിന്റെ വിലനിർണ്ണയ രീതി അനുസരിച്ച്, ആദ്യ ജെനറിക് മരുന്ന് വിപണിയിലെത്തുമ്പോൾ ബ്രാൻഡ് മരുന്നിന്റെ 75 മുതൽ 85 ശതമാനം വരെയാകും വില. എന്നാൽ രണ്ടാമത്തെ മരുന്ന് കൂടി വിപണിയിലെത്തുന്നതോടെ വില 50 ശതമാനമായി കുറയും. മൂന്നോ അതിലധികമോ ജെനറിക് പതിപ്പുകൾ ലഭ്യമാകുന്നതോടെ ഓസെംപിക്കിന്റെ യഥാർത്ഥ വിലയുടെ 35 ശതമാനം തുകയ്ക്ക് മരുന്ന് ലഭിക്കുമെന്നത് രോഗികൾക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കും.
