വാഷിങ്ടണ്‍: ക്യൂബയ്ക്കുമേലുള്ള സാമ്പത്തിക ഉപരോധം വ്യാപിപ്പിക്കാനുള്ള നിര്‍ണ്ണായക എക്സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ക്യൂബന്‍ സര്‍ക്കാരിന്റെ സുരക്ഷാ സംവിധാനങ്ങളെ പിന്തുണയ്ക്കുന്നവര്‍, അഴിമതിയില്‍ ഏര്‍പ്പെടുന്നവര്‍, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ പങ്കാളികളാകുന്ന വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്യൂബന്‍ സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശീയര്‍ക്കും ഈ ഉപരോധം ബാധകമാകുമെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ഇറാന്‍ സംഘര്‍ഷത്തിന് ശേഷം അമേരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയായിരിക്കുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്യൂബന്‍ സമ്പദ്വ്യവസ്ഥ തുറന്നുകൊടുക്കണമെന്നും, മുന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ ഭരണകാലത്ത് പിടിച്ചെടുത്ത സ്വത്തുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും യുഎസ് ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും അമേരിക്ക മുന്നോട്ടുവെക്കുന്നു. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ചകള്‍ക്കില്ലെന്ന കര്‍ശന നിലപാടാണ് ക്യൂബന്‍ സോഷ്യലിസ്റ്റ് ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്നത്.

അമേരിക്കയുടെ പുതിയ നീക്കത്തിനെതിരെ ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് ശക്തമായി രംഗത്തെത്തി. അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധ നടപടികള്‍ ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെ നഗ്‌നമായ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉപരോധങ്ങള്‍ കടുപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.
