വാഷിങ്ടണ്‍: വ്യാപാര കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് യൂറോപ്യന്‍ യൂണിയനില്‍ (EU) നിന്നുള്ള വാഹനങ്ങള്‍ക്ക് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വന്‍തോതില്‍ അധിക തീരുവ ചുമത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും ട്രക്കുകള്‍ക്കുമാണ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്. യൂറോപ്യന്‍ യൂണിയന്‍ നിലവിലെ വ്യാപാര കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഈ നിര്‍ണ്ണായക നടപടി. അടുത്ത ആഴ്ച മുതല്‍ പുതിയ തീരുവ നിലവില്‍ വരുമെന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു.
അമേരിക്കയിലെ പ്ലാന്റുകളില്‍ തന്നെ വാഹനങ്ങള്‍ നിര്‍മ്മിക്കണമെന്ന പ്രധാന വ്യവസ്ഥ യൂറോപ്യന്‍ കമ്പനികള്‍ ലംഘിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. വാഹനങ്ങള്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കുകയാണെങ്കില്‍ തീരുവ നല്‍കേണ്ടി വരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ പല കമ്പനികളും അമേരിക്കയില്‍ ട്രക്ക് നിര്‍മ്മാണ പ്ലാന്റുകള്‍ ആരംഭിക്കുന്നുണ്ടെന്നും അവര്‍ക്ക് പൂജ്യം തീരുവയാണ് ഉള്ളതെന്നും ട്രംപ് അവകാശപ്പെട്ടു. ഏകദേശം 100 ബില്യണ്‍ ഡോളര്‍ വരെ ഇത്തരത്തില്‍ പല കമ്പനികളും യുഎസില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025 ജൂലൈയില്‍ ട്രംപും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും തമ്മില്‍ ഒപ്പുവെച്ച പുതിയ വ്യാപാര കരാറിന് മാസങ്ങള്‍ക്കപ്പുറമാണ് ഈ അപ്രതീക്ഷിത നീക്കം ഉണ്ടായിരിക്കുന്നത്. വാഹനങ്ങള്‍ക്കും അനുബന്ധ ഭാഗങ്ങള്‍ക്കും 15 ശതമാനം താരിഫ് ഏര്‍പ്പെടുത്താനായിരുന്നു അന്നത്തെ കരാറില്‍ ധാരണയായിരുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ കരാര്‍ ലംഘിച്ചുവെന്ന് കാട്ടി തീരുവ 25 ശതമാനമായി ഉയര്‍ത്തിയത് അന്താരാഷ്ട്ര വ്യാപാര മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.
