ചെന്നൈ: തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ ഡിഎംകെയെ ഞെട്ടിച്ചുകൊണ്ട് നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം (TVK) വന്‍ മുന്നേറ്റം നടത്തുന്നു. ആദ്യഘട്ട സൂചനകള്‍ പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും തങ്ങളുടെ മണ്ഡലങ്ങളില്‍ പിന്നിലാണെന്ന റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.
കൊളത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന എം.കെ. സ്റ്റാലിന്‍ ടിവികെ സ്ഥാനാര്‍ത്ഥി വി.എസ്. ബാബുവിനേക്കാള്‍ ഏകദേശം 886 വോട്ടുകള്‍ക്ക് പിന്നിലാണ്. ഡിഎംകെയുടെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ചെന്നൈ ജില്ലയില്‍ ടിവികെ തരംഗമാണ് ദൃശ്യമാകുന്നത്. തിരുച്ചി ഈസ്റ്റില്‍ മത്സരിക്കുന്ന ടിവികെ അധ്യക്ഷന്‍ വിജയ് ആദ്യ റൗണ്ടുകളില്‍ തന്നെ 1600-ലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നുണ്ട്. തമിഴ്നാട്ടിലെ പല പ്രമുഖ മണ്ഡലങ്ങളിലും ഡിഎംകെ മന്ത്രിമാര്‍ പിന്നിലായതായാണ് നിലവിലെ വിവരം.

നിലവിലെ ലീഡ് നില അനുസരിച്ച് തമിഴ്നാട്ടില്‍ ടിവികെ 67 സീറ്റുകളിലും എഐഎഡിഎംകെ 52 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. ഭരണകക്ഷിയായ ഡിഎംകെ 50 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സേലം നോര്‍ത്ത്, സൈദാപ്പേട്ട് തുടങ്ങിയ മണ്ഡലങ്ങളിലും ടിവികെ സ്ഥാനാര്‍ത്ഥികള്‍ വ്യക്തമായ മുന്നേറ്റം തുടരുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തമിഴ് രാഷ്ട്രീയത്തില്‍ വലിയൊരു അധികാരമാറ്റത്തിനുള്ള സാധ്യതയാണ് തെളിയുന്നത്.
