ചെന്നൈ: തമിഴ്നാട്ടിലെ പതിറ്റാണ്ടുകള്‍ നീണ്ട ദ്വികക്ഷി രാഷ്ട്രീയ സമ്പ്രദായത്തിന് അന്ത്യം കുറിച്ച് മൂന്നാമതൊരു ശക്തിയുടെ ഉദയത്തിനാണ് ഈ തിരഞ്ഞെടുപ്പ് ഫലം സാക്ഷ്യം വഹിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, അട്ടിമറി മുന്നേറ്റവുമായി നടന് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ)്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, എല്ലാവരും ഉറ്റുനോക്കിയിരുന്ന വിജയ്യുടെ രാഷ്ട്രീയ അരങ്ങേറ്റം തമിഴകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു.
100 സീറ്റുകളിലാണ് ടി.വി.കെ മുന്നേറുന്നത്. ഡിഎംകെ സഖ്യം 55 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എഐഎഡിഎംകെ നേതൃത്വത്തിലുള്ള എന്‍ഡിഎ 65 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ഡി.എം.കെ സഖ്യം മൂന്നാം സ്ഥാനത്താണ് ലീഡ് ചെയ്യുന്നത്. ഡിഎംകെ കോട്ടയായി അറിയപ്പെട്ടിരുന്ന ചെന്നൈയിലെ 16 നിയമസഭ മണ്ഡലങ്ങളിലും ടിവികെ കടുത്ത ഭീഷണിയാണ് ഉയര്‍ത്തിയത്.

പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് തുടങ്ങിയ നിര്‍ണായക മണ്ഡലങ്ങളില്‍ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി വിജയ് മുന്നേറുന്നത് ഏവരെയും അമ്പരപ്പിക്കുകയാണ്. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് തമിഴ് മക്കള്‍ക്കിടയിലേക്ക് ഇറങ്ങി വന്ന വിജയ് ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ തമിഴ്നാട് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ തിരുത്തിക്കുറിക്കുകയാണ്.
