ഓട്ടവ: കാനഡയിലെ ഫെഡറൽ പബ്ലിക് സർവീസിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് മുതൽ ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന് ഉത്തരവുമായി ട്രഷറി ബോർഡ്. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം എക്സിക്യൂട്ടീവ് തസ്തികയിലുള്ളവർ പൂർണ്ണമായും ഓഫീസിലേക്ക് മടങ്ങേണ്ടതുണ്ട്. മറ്റ് ജീവനക്കാർ ജൂലൈ 6 മുതൽ ആഴ്ചയിൽ നാല് ദിവസം ഓഫീസിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്. ട്രഷറി ബോർഡിന് കീഴിലുള്ള പ്രധാന വകുപ്പുകൾക്ക് പുറമെ കാനഡ റവന്യൂ ഏജൻസി, നാഷണൽ റിസർച്ച് കൗൺസിൽ തുടങ്ങിയ സ്വതന്ത്ര ഏജൻസികളും ഈ നിയമം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
2020 മാർച്ചിൽ കോവിഡ് വ്യാപനത്തെത്തുടർന്ന് ആരംഭിച്ച വർക്ക് ഫ്രം ഹോം രീതിക്ക് ഇതോടെ വലിയ മാറ്റമാണ് വരുന്നത്. നേരത്തെ ആഴ്ചയിൽ രണ്ട് ദിവസമായിരുന്ന ഓഫീസ് ജോലി 2024 സെപ്റ്റംബറോടെ മൂന്ന് ദിവസമായി വർദ്ധിപ്പിച്ചിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം 3,57,965 ഫെഡറൽ ജീവനക്കാരിൽ 9,340 പേരാണ് എക്സിക്യൂട്ടീവ് വിഭാഗത്തിലുള്ളത്. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് ഉദ്യോഗസ്ഥരെ നേരിട്ട് ഓഫീസുകളിലേക്ക് തിരികെ വിളിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

എന്നാൽ സർക്കാരിന്റെ ഈ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ഫെഡറൽ ജീവനക്കാരുടെ യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് തൊഴിൽ ഉടമ്പടികളുടെ ലംഘനമാണെന്ന് ആരോപിച്ച് ചില സംഘടനകൾ പരാതി നൽകി. ജീവനക്കാരുടെ താൽപ്പര്യം കണക്കിലെടുക്കാതെ നടപ്പിലാക്കുന്ന ഈ നീക്കം തൊഴിൽ അന്തരീക്ഷത്തെ ബാധിക്കുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകി. പ്രതിഷേധങ്ങൾ നിലനിൽക്കുമ്പോഴും പുതിയ നിയമം നടപ്പിലാക്കുന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ് ട്രഷറി ബോർഡ്.
