മാഡിഡ്ര്: അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്പാനിഷ് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ ശേഖരം പിടികൂടിയതായി റിപ്പോർട്ട്. കാനറി ദ്വീപുകൾക്ക് സമീപം അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് സിവിൽ ഗാർഡ് തടഞ്ഞ കപ്പലിൽ നിന്ന് ഏകദേശം 40 ടൺ മയക്കുമരുന്നാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കപ്പലിലുണ്ടായിരുന്ന 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പശ്ചിമാഫ്രിക്കൻ രാജ്യമായ സെറ ലിയോണിൽ നിന്ന് ലിബിയയിലെ ബെൻഗാസിയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പൽ. കപ്പലിന്റെ സ്റ്റോറേജ് റൂമുകളിൽ മയക്കുമരുന്ന് പൊതികൾ കുത്തിനിറച്ച നിലയിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ലിബിയയിലേക്ക് ഇത്ര വലിയ അളവിൽ മയക്കുമരുന്ന് എത്തിക്കുന്നത് അസ്വാഭാവികമായതിനാൽ, സമുദ്രമധ്യത്തിൽ വെച്ച് ചെറിയ ബോട്ടുകളിലേക്ക് മാറ്റി ഇവ യൂറോപ്പിലുടനീളം വിതരണം ചെയ്യാനായിരുന്നു പദ്ധതിയെന്ന് സംശയിക്കുന്നു.

രാജ്യത്തെ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് സ്പാനിഷ് ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മർലാസ്ക പ്രതികരിച്ചു. നിലവിൽ കാനറി ദ്വീപുകളിൽ കപ്പൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. കേസിൽ കോടതി രഹസ്യസ്വഭാവം ഉത്തരവിട്ടതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന കവാടമായി സ്പെയിൻ മാറുന്നതിൽ അധികൃതർ വലിയ ആശങ്കയിലാണ്.
