ടൊറന്റോ: നഗരത്തിൽ ഒൻപത് പേർക്ക് ലിജിയണയർ ഡിസീസ് (Legionnaires’ disease) സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ബുധനാഴ്ച വരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തിൽ മാറ്റമില്ലെന്നും രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ടൊറന്റോ പബ്ലിക് ഹെൽത്ത് വ്യക്തമാക്കി. രോഗികളുടെ സ്വകാര്യത കണക്കിലെടുത്ത് രോഗം പടർന്ന കൃത്യമായ സ്ഥലം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണി കുറവാണെന്ന് അധികൃതർ അറിയിച്ചു.

ലിജിയണെല്ല ബാക്ടീരിയ വഴി പടരുന്ന മാരകമായ ശ്വാസകോശ രോഗമാണ് ലിജിയണയർ ഡിസീസ്. പനിയും വിറയലും ഇതിന്റെ ലക്ഷണങ്ങളാണ്. ഹ്യുമിഡിഫയറുകൾ, കൂളിംഗ് ടവറുകൾ തുടങ്ങിയ കൃത്യമായി പരിരക്ഷിക്കാത്ത ജലസംവിധാനങ്ങളിലാണ് ഈ ബാക്ടീരിയ അതിവേഗം വളരുന്നത്. ബാക്ടീരിയ കലർന്ന ജലകണികകൾ ശ്വസിക്കുന്നതിലൂടെയാണ് രോഗം പടരുന്നത്. കഴിഞ്ഞ വർഷം ലണ്ടനിൽ ഇത്തരത്തിൽ രോഗം പടർന്നതിനെത്തുടർന്ന് നാല് പേർ മരിക്കുകയും നൂറോളം പേർ ചികിത്സ തേടുകയും ചെയ്തിരുന്നു.
