ഓട്ടവ: സൈബർ കുറ്റകൃത്യങ്ങൾ തടയാനും അന്വേഷിക്കാനും പൊലീസിനും രഹസ്യാന്വേഷണ ഏജൻസികൾക്കും കൂടുതൽ അധികാരം നൽകുന്ന പുതിയ ബില്ലിനെതിരെ കാനഡയിൽ പ്രതിഷേധം ശക്തം. ‘ആക്ട് റെസ്പെക്റ്റിങ് ലോഫുൾ ആക്സസ്’ (An Act respecting lawful access) എന്നറിയപ്പെടുന്ന ഈ നിയമം വ്യക്തികളുടെ സ്വകാര്യതയെ ഗുരുതരമായി ബാധിക്കുമെന്ന് ആപ്പിൾ, മെറ്റാ തുടങ്ങിയ പ്രമുഖ ടെക് കമ്പനികളും നിയമവിദഗ്ധരും മുന്നറിയിപ്പ് നൽകി. എന്നാൽ, ആധുനിക കാലത്തെ കുറ്റകൃത്യങ്ങൾ നേരിടാൻ പൊലീസിന് ഇത്തരം നിയമപരമായ സംവിധാനങ്ങൾ അത്യാവശ്യമാണെന്നാണ് സർക്കാർ വാദം.
പുതിയ ബിൽ പ്രകാരം, ഒരാളുടെ പേര്, വിലാസം, ഇമെയിൽ തുടങ്ങിയ വിവരങ്ങൾ കോടതി ഉത്തരവിലൂടെ വേഗത്തിൽ കൈക്കലാക്കാൻ പൊലീസിന് സാധിക്കും. കൂടാതെ, വ്യക്തികളുടെ ആശയവിനിമയ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കുന്ന സാങ്കേതിക സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കാൻ ടെലികോം കമ്പനികൾ ബാധ്യസ്ഥരാകും. ഇതിലൂടെ സർക്കാർ രഹസ്യമായി ജനങ്ങളെ നിരീക്ഷിക്കുമെന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്ന എൻക്രിപ്ഷൻ (Encryption) സംവിധാനങ്ങൾ തകർക്കാൻ ഇത് കാരണമാകുമെന്നും കമ്പനികൾ ആരോപിച്ചു. ആമസോൺ അലക്സ പോലുള്ള ഉപകരണങ്ങളെപ്പോലും നിരീക്ഷണത്തിനായി ഉപയോഗിക്കാൻ ഈ നിയമത്തിലൂടെ സർക്കാരിന് സാധിക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.

വ്യക്തികളുടെ ലൊക്കേഷൻ വിവരങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ അടയാളങ്ങൾ (Metadata) ഒരു വർഷം വരെ സൂക്ഷിച്ചുവെക്കാൻ സേവനദാതാക്കളെ നിർബന്ധിക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ഇത് കുറ്റകൃത്യങ്ങളിൽ പങ്കില്ലാത്ത സാധാരണക്കാരെപ്പോലും നിരന്തര നിരീക്ഷണ വലയത്തിലാക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. കാനഡയെ നിക്ഷേപ സൗഹൃദമല്ലാത്ത രാജ്യമാക്കി ഈ നിയമം മാറ്റുമെന്ന് ബിസിനസ് സംഘടനകളും ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്ലിൽ സ്വകാര്യത സംരക്ഷിക്കാനാവശ്യമായ കൂടുതൽ ഭേദഗതികൾ വേണമെന്ന ആവശ്യം ശക്തമാണ്.
