Sunday, May 10, 2026

പാക്കിസ്ഥാനിൽ സുരക്ഷാ പോസ്റ്റിന് നേരെ ഭീകരാക്രമണം; മരണസംഖ്യ 14 ആയി

പെഷാവർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സുരക്ഷാ പോസ്റ്റിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 14 ആയതായി റിപ്പോർട്ടുകൾ. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബാനു ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സുരക്ഷാ പോസ്റ്റിന് സമീപം ഭീകരർ പൊട്ടിത്തെറിപ്പിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം തകരുകയും ഉദ്യോഗസ്ഥർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. ഞായറാഴ്ച പുലർച്ചെ വരെ നീണ്ട തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ സംസ്‌കാര ചടങ്ങുകൾ ബാനു പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക ബഹുമതികളോടെ നടന്നു.

പാക്കിസ്ഥാൻ താലിബാന്റെ (TTP) ഭാഗമെന്ന് അവകാശപ്പെടുന്ന ‘ഇത്തേഹാദ്-ഉൽ-മുജാഹിദീൻ പാക്കിസ്ഥാൻ’ എന്ന പുതിയ ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാൽ ടിടിപി തന്നെയാണ് ഈ പേരിൽ ആക്രമണം നടത്തിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിഗമനം. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം തിരിച്ചെത്തിയതിന് പിന്നാലെ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ടിടിപി ഭീകരർക്ക് അഫ്ഗാൻ ഭരണകൂടം സംരക്ഷണം നൽകുന്നുണ്ടെന്നും അവിടെയുള്ള താവളങ്ങൾ ഉപയോഗിച്ചാണ് പാക്കിസ്ഥാനിൽ ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നും ഇസ്ലാമാബാദ് ആരോപിച്ചു.

ഭീകരാക്രമണത്തെ പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ശക്തമായി അപലപിച്ചു. അഫ്ഗാൻ മണ്ണിൽ നിന്നുകൊണ്ട് ഭീകരർ പാക്കിസ്ഥാനിലെ സൈനികരെയും സാധാരണക്കാരെയും ലക്ഷ്യമിടുകയാണെന്ന് സർദാരി പറഞ്ഞു. ഭീകരർക്കും അവർക്ക് സഹായം നൽകുന്നവർക്കുമെതിരെ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനായി ചൈനയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും അതിർത്തി കടന്നുള്ള ഏറ്റുമുട്ടലുകൾക്കും ആക്രമണങ്ങൾക്കും ഇപ്പോഴും കുറവുണ്ടായിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!