ഓട്ടവ: കാനഡയുടെ ഊർജ്ജ നയത്തിൽ പരിസ്ഥിതി സംരക്ഷണത്തേക്കാൾ കൂടുതൽ മുൻഗണന സാമ്പത്തിക വളർച്ചയ്ക്ക് നൽകണമെന്ന് ഭൂരിഭാഗം കാനഡക്കാരും ആഗ്രഹിക്കുന്നതായി പുതിയ റിപ്പോർട്ട്. സർവ്വേയിൽ പങ്കെടുത്ത 61 ശതമാനം പേരും സാമ്പത്തിക വളർച്ചയ്ക്കാണ് പ്രാധാന്യം നൽകിയത്. ഏഴ് വർഷം മുമ്പ് 55 ശതമാനം ആളുകൾ പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഈ വലിയ മാറ്റം പ്രകടമായിരിക്കുന്നത്.
എൻബ്രിഡ്ജിന്റെ 4 ബില്യൺ ഡോളറിന്റെ വെസ്റ്റ്കോസ്റ്റ് പ്രകൃതിവാതക പൈപ്പ്‌ലൈൻ വിപുലീകരണത്തിന് ബ്രിട്ടfഷ് കൊളംബിയയിലെ മൂന്നിൽ രണ്ട് ഭാഗം ആളുകളുടെ പിന്തുണയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പുതിയ പൈപ്പ്‌ലൈനുകൾ നിർമ്മിക്കുന്ന കാര്യത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ജനങ്ങൾക്കിടയിലുള്ള എതിർപ്പ് കുറഞ്ഞുവരികയാണ്. കാനഡയുടെ ഊർജ്ജ ഉൽപ്പാദനവും കയറ്റുമതിയും വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു.

പുതിയ എണ്ണ പൈപ്പ്‌ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും തമ്മിൽ ചർച്ചകൾ നടത്തിക്കഴിഞ്ഞു. പൈപ്പ്‌ലൈനുകൾ നിർമ്മിക്കുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾ ശരിയായ ദിശയിലാണെന്ന് 31 ശതമാനം പേർ വിശ്വസിക്കുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് തന്നെ ഊർജ്ജ മേഖല വികസിപ്പിക്കാനാണ് നിലവിൽ രാജ്യം ലക്ഷ്യമിടുന്നത്.
