Monday, May 11, 2026

ടെറ്റനസ്, വില്ലൻ ചുമ വാക്സിനുകൾ ഇനി ഫാർമസികളിലും; ഒന്റാരിയോയിൽ ഫാർമസി ചികിത്സാ പട്ടിക വിപുലീകരിച്ചു

ടൊറന്റോ: ഒന്റാരിയോയിലെ ഫാർമസിസ്റ്റുകളുടെ പ്രവർത്തനപരിധി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സാധാരണ രോഗങ്ങൾക്ക് ചികിത്സ നൽകാനും വാക്സിനുകൾ വിതരണം ചെയ്യാനും അനുമതി നൽകുമെന്ന് ആരോഗ്യ മന്ത്രി സിൽവിയ ജോൺസ് അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും എമർജൻസി വിഭാഗങ്ങളിലെയും തിരക്ക് കുറയ്ക്കാനും ജനങ്ങൾക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. നിലവിൽ 19 രോഗങ്ങൾക്ക് ചികിത്സ നൽകാൻ അനുമതിയുള്ള ഫാർമസിസ്റ്റുകൾക്ക് ഒൻപത് രോഗങ്ങൾ കൂടി ഈ പട്ടികയിലേക്ക് ചേർക്കുന്നതോടെ കൂടുതൽ സേവനങ്ങൾ നൽകാൻ സാധിക്കും.

2026 ജൂലൈ മുതൽ ഫാർമസിസ്റ്റുകൾക്കും യോഗ്യരായ മറ്റ് ആരോഗ്യ പ്രവർത്തകർക്കും തലയിലെ പേൻ ശല്യം, താരൻ, തലവേദന, മൂക്കടപ്പ്, അരിമ്പാറ (Warts), ഡ്രൈ ഐ തുടങ്ങിയ അസുഖങ്ങൾക്ക് നേരിട്ട് ചികിത്സ നൽകാം. കൂടാതെ പാദങ്ങളിലെ തഴമ്പ് (Calluses and corns), ജോക്ക് ഇച്ച് (Jock itch) എന്നിവയ്ക്കും ഇവർക്ക് മരുന്ന് നൽകാൻ അനുവാദമുണ്ടാകും. 2027-ഓടെ അഞ്ച് രോഗങ്ങൾ കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ചികിത്സയ്ക്ക് പുറമെ വാക്സിനേഷനുകളുടെ കാര്യത്തിലും വലിയ മാറ്റം വരുന്നുണ്ട്. ഈ ജൂലൈ മുതൽ ടെറ്റനസ്, വില്ലൻ ചുമ, ഡിഫ്തീരിയ, ആർ.എസ്.വി (RSV), ഷിംഗിൾസ്, ന്യൂമോകോക്കൽ തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകൾ ഫാർമസികൾ വഴി ലഭ്യമാകും. ഒപ്റ്റോമെട്രിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ, കൈറോപ്രാക്റ്റർമാർ തുടങ്ങി വിവിധ മേഖലകളിലെ ആരോഗ്യ പ്രവർത്തകരുടെ സേവന പരിധി വർദ്ധിപ്പിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!