ഓട്ടവ: കാനഡയിൽ പ്രഖ്യാപിച്ചിരുന്ന ഇലക്ട്രിക് വാഹന (EV) നിർമ്മാണ പ്ലാന്റ് പദ്ധതി ഹോണ്ട അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി റിപ്പോർട്ടുകൾ. ഒന്റാരിയോയിലെ അലിസ്റ്റണിൽ പുതിയ ഇവി പ്ലാന്റും ബാറ്ററി നിർമ്മാണ യൂണിറ്റും സ്ഥാപിക്കാനുള്ള പദ്ധതിയാണ് കമ്പനി മരവിപ്പിച്ചത്. മാറിക്കൊണ്ടിരിക്കുന്ന ആഗോള വിപണി സാഹചര്യങ്ങളും ഉപഭോക്താക്കളുടെ താൽപ്പര്യക്കുറവുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഹോണ്ട വ്യക്തമാക്കി. എന്നാൽ ഈ തീരുമാനം അലിസ്റ്റണിലെ നിലവിലെ പ്ലാന്റിലെ ജോലികളെയോ ഉൽപ്പാദനത്തെയോ ബാധിക്കില്ല.
പുതിയ പദ്ധതിയിലൂടെ ആയിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. കാനഡയിലെ ഫെഡറൽ ഗവൺമെന്റും ഒന്റാരിയോ സർക്കാരും പദ്ധതിക്കായി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും, പണം ഇതുവരെ കൈമാറിയിട്ടില്ലെന്ന് ഹോണ്ട സ്ഥിരീകരിച്ചു. നിലവിൽ വിപണിയിൽ വലിയ ഡിമാൻഡുള്ള സിവിക് (Civic), സിആർ-വി (CR-V) എന്നീ ഹൈബ്രിഡ് മോഡലുകളുടെ നിർമ്മാണത്തിൽ മാത്രമാകും കമ്പനി ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക.

വിപണിയിലെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിച്ച ശേഷം ഭാവിയിൽ ദീർഘകാല തന്ത്രങ്ങൾ പുനപരിശോധിക്കുമെന്ന് കമ്പനി അറിയിച്ചു. 1986 മുതൽ കാനഡയിൽ പ്രവർത്തിക്കുന്ന ഹോണ്ട, കഴിഞ്ഞ വർഷം മാത്രം ഏകദേശം 4 ലക്ഷം വാഹനങ്ങൾ അവിടെ നിർമ്മിച്ചിട്ടുണ്ട്. തങ്ങളുടെ പഴയ നയം തുടരുന്നതിലൂടെ കാനഡയിലെ നിലവിലെ ജീവനക്കാരുടെ ജോലി സുരക്ഷിതമായിരിക്കുമെന്ന് ഹോണ്ട ഉറപ്പുനൽകി.
